ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബര്‍ 13ന് കല്‍പ്പാത്തി രഥോത്സവം നടക്കുന്നതെന്ന് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാടിനെ സംബന്ധിച്ച് വലിയ ഉത്സവമാണെന്നും അന്നേ ദിവസം വോട്ടെടുപ്പ് നടക്കുന്നത് ഉചിതമായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
'കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബര്‍ 13നാണ് പാലക്കാട് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായും സംസാരിക്കണം. കാരണം തേര് പാലക്കാടിനെ സംബന്ധിച്ചിടത്തോളം ദേശീയ ഉത്സവം പോലെ വിശ്വാസികളും പൊതു സമൂഹവും എല്ലാം ഒരുമിക്കുന്ന വലിയ ഉത്സവമാണ്. 13, 14,15 ദിവസങ്ങളിലായാണ് തേര് നടക്കുന്നതെന്നാണ് മനസിലാക്കുന്നത്. തിയതി ഒന്നു കൂടി തീര്‍ച്ച വരുത്തും. രഥോത്സവം പാലക്കാടിനെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ള ദിവസമാണ്. അന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത് ഉചിതമായിരിക്കില്ല. പ്രതിപക്ഷ നേതാവിനോട് കൂടി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാമെന്നാണ് കരുതുന്നത്,' ഷാഫി പറമ്പില്‍ പറഞ്ഞു.
ALSO READ: പ്രിയങ്ക ഗാന്ധി വർഗീയതക്കെതിരായ മതേതര സ്ഥാനാർഥി; യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: ഡീൻ കുര്യാക്കോസ്
ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലും തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇരിക്കുന്നത്. ഇവിടുത്തെ ജനങ്ങളുമായുള്ള ബന്ധം തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പൊടി തട്ടി എടുക്കുന്നതല്ല.
തുടര്‍ച്ചയായി ഇവിടുത്തെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി പാലക്കാടിന്റെ പ്രബുദ്ധതയും ഇത്തവണ ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തും. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊക്കെ പാര്‍ട്ടി തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 20നാണ് പോളിങ്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശ പത്രിക നല്‍കാനായുള്ള അവസാന തീയതി നവംബര്‍ നാലിനാണ്.