NEWSROOM

വണ്‍ മാന്‍ ഷോയില്‍ തുടങ്ങിയ കോമഡി ഹിറ്റുകള്‍; മലയാളിയെ എക്കാലവും നിര്‍ത്താതെ ചിരിപ്പിച്ച സംവിധായകന്‍

കുത്തബ്മീനാറിനെക്കാള്‍ ഉയരം താജ് മഹലിനാണെന്ന് മലയാളികളില്‍ നല്ലൊരു ശതമാനവും പഠിച്ചത് വണ്‍മാന്‍ഷോ സിനിമയിലൂടെയാണ് എന്നും പറയാം.

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിലേക്ക് വണ്‍മാന്‍ഷോയിലൂടെ കടന്ന് വന്ന സംവിധായകനാണ് വിട പറയുന്നത്. ഒരു കാലത്ത് മലയാളികള്‍ക്കിടയില്‍ ചിരിയുടെ വിസ്മയക്കാഴ്ച ഒരുക്കുന്നതില്‍ ഷാഫി എന്ന സംവിധായകന്‍ വഹിച്ച പങ്ക് ചെറുതല്ല. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഹാസ്യപ്രധാനമായ ഒരുപിടി നല്ല സിനിമകളുടെ അമരക്കാരനായിരുന്നു ഷാഫി.


മിമിക്രിയില്‍ നിന്നും താരങ്ങള്‍ മലയാള സിനിമയില്‍ സജീവമായിരുന്ന കാലത്താണ് സംവിധായകരായ സിദ്ധിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ പാത പിന്തുടര്‍ന്ന് ഷാഫിയും മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. സഹോദരനും സംവിധായകനുമായ റാഫിയുടെ സിനിമകളില്‍ സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ. റാഫി മെക്കാര്‍ട്ടിന്‍ രചിച്ച് ജയറാം, ലാല്‍, കലാഭവന്‍ മണി, സംയുക്ത വര്‍മ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമകളില്‍ മുന്നിലാണ്. കുത്തബ്മീനാറിനെക്കാള്‍ ഉയരം താജ് മഹലിനാണെന്ന് മലയാളികളില്‍ നല്ലൊരു ശതമാനവും പഠിച്ചത് വണ്‍മാന്‍ഷോ സിനിമയിലെ രംഗത്തിലൂടെയായിരുന്നു എന്നും പറയാം.


തുടര്‍ന്ന് ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചു. 2002 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം കല്യാണരാമന്‍ ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയായിരുന്നു. ദിലീപിന്റെ രാമന്‍കുട്ടിയും, ഇന്നസെന്റിന്റെ പോഞ്ഞിക്കരയും, സലീം കുമാറിന്റെ പ്യാരിയുമെല്ലാം പ്രേക്ഷകരെ പലവട്ടം തിയേറ്ററിലേക്കെത്തിച്ചു.

2003 ലാണ് ബോംബെയില്‍ നിന്ന് ധര്‍മേന്ദ്രയും മണവാളനും കൊച്ചിയിലേക്കുള്ള ടാക്‌സിയുമായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്കെത്തുന്നത്. നായകനെ കടത്തിവെട്ടി ഇരുവരും പുലിവാല്‍ കല്യാണത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയപ്പോഴും കപ്പിത്താന്‍ ഷാഫിയായിരുന്നു.


2005 ല്‍ പൃഥ്വിരാജിനേയും ജയസൂര്യയേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്യാനിരുന്ന തൊമ്മനും മക്കളും മമ്മുട്ടി- ലാല്‍ കോമ്പിനേഷനിലേക്കു മാറിയപ്പോള്‍ പിറന്നത് മറ്റൊരു സൂപ്പര്‍ ഹിറ്റ്. തൊമ്മനിലൂടെ രാജന്‍ പി. ദേവിനും കരിയറിലെ ജനപ്രിയ കഥാപാത്രം സമ്മാനിച്ചു. 2007 ല്‍ മമ്മുട്ടിക്കൊപ്പം മായാവിയിലൂടെ വീണ്ടും ഷാഫി മായാജാലം തീര്‍ത്തു. വുമന്‍സ് കോളേജില്‍ പഠിക്കാന്‍ വരുന്ന ശ്യാം എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചോക്ക്‌ലേറ്റും 2007 ലെ മറ്റൊരു വിജയമായി മാറി. പൃഥ്വിരാജും ജയസൂര്യയുമായിരുന്ന പ്രധാന കഥാപാത്രങ്ങള്‍.

2008 ല്‍ ലോലിപോപ്പ് ഉണ്ടാക്കിയ ക്ഷീണം തൊട്ടടുത്ത വര്‍ഷം ചട്ടമ്പിനാടിലൂടെ തീര്‍ത്തു. കന്നട കലര്‍ന്ന മലയാളത്തില്‍ മമ്മുട്ടിയുടെ മല്ലയ്യ മാസ് കാണിച്ചപ്പോള്‍ തീയറ്ററുകള്‍ നിറഞ്ഞു.വര്‍ഷങ്ങള്‍ക്കിപ്പുറം മല്ലയ്യയെ മലര്‍ത്തിയടിച്ച് ദശമൂലം ദാമു സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ താരമായി.


2010 ല്‍ മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെയും 2011 ല്‍ മേക്കപ്പ്മാനിലൂടെയും ഷാഫി ഹിറ്റ് ആവര്‍ത്തിച്ചു. വെനീസിലെ വ്യപാരി, 101 വെഡ്ഡിംഗ് ഇന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വീണപ്പോള്‍ ഷാഫി യുഗം അവസാനിച്ചു എന്ന് പലരും വിലയിരുത്തി. അവര്‍ക്കു മുന്നില്‍ 2015 ല്‍ ദിലീപിനെ നായകനാക്കി ടു കണ്‍ട്രീസ് ഒരുക്കി ഷാഫി പവര്‍ ഒരിക്കല്‍ കൂടി കാണിച്ചു കൊടുത്തു.


പിന്നീട് ഷാഫിയുടെ സംവിധാനത്തില്‍ ഒരു പഴയ ബോംബ് കഥ, ഷെര്‍ലക്ക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആനന്ദം പരമാനന്ദം എന്നീ സിനിമകളും പുറത്തിറങ്ങി. ഹാപ്പി എന്‍ഡിംഗ് എല്ലാ ഷാഫി സിനിമകളുടെ പൊതു സ്വഭാവമായിരുന്നു. കണ്ണീരോ ചോദ്യങ്ങളോ ബാക്കിയാക്കി ഒരു ഷാഫി സിനിമയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രോള്‍ പേജുകളിലും ആഘോഷിക്കുന്ന ദശമൂലം ദാമുവും മണവാളനും ധര്‍മേന്ദ്രയും പ്യാരിയും പോഞ്ഞിക്കരയുമെല്ലാം ഷാഫി സിനികളിലെ കഥാപാത്രങ്ങളായിരുന്നു.

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച, ഇന്നും ചിരിപ്പിക്കുന്ന സിനിമകളുടെ സംവിധായകന് വിട.

SCROLL FOR NEXT