NEWSROOM

'ബിസിനസ് എന്നത് പണം സമ്പാദിക്കല്‍ മാത്രമല്ല, പാഷന്‍ കൂടിയാണ്'; രത്തന്‍ ടാറ്റയെ കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്

ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലെങ്കിലും ഒരു സംരംഭകനാകാന്‍ ആഗ്രഹിച്ച ഏതൊരു ഇന്ത്യാക്കാരനും പ്രചോദനമായ വ്യവസായി ആയാണ് രത്തന്‍ ടാറ്റയെ പലരും ഓര്‍ത്തെടുക്കുന്നത്

Author : ന്യൂസ് ഡെസ്ക്


അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലെങ്ങും. ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലെങ്കിലും ഒരു സംരംഭകനാകാന്‍ ആഗ്രഹിച്ച ഏതൊരു ഇന്ത്യാക്കാരനും പ്രചോദനമായ വ്യവസായി ആയാണ് രത്തന്‍ ടാറ്റയെ പലരും ഓര്‍ത്തെടുക്കുന്നത്. അക്കൂട്ടത്തില്‍ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും വരെയുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ രത്തന്‍ ടാറ്റയെ കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ALSO READ : 'ഒരു യുഗത്തിന്റെ അവസാനം': രത്തൻ ടാറ്റയ്ക്ക് അനുശോചനമർപ്പിച്ച് കായികലോകം

രത്തന്‍ ടാറ്റയെ പോലുള്ളവര്‍ക്ക് ബിസിനസ് എന്നത് പണം സമ്പാദിക്കല്‍ മാത്രമല്ല മറിച്ച് പാഷന്‍ കൂടിയാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. തനിക്ക് ബിസിനസില്‍ താത്പര്യമുണ്ടെന്ന് അംബാനി, ബിര്‍ല, ടാറ്റ എന്നിവര്‍ക്കൊക്കെ അറിയാം. അവരെ കണ്ടപ്പോള്‍ ഇതുപോലുള്ള ബിസിനസ് നോക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലായിരുന്നു അവരും. തന്റെ അച്ഛനും അമ്മയും ബിസിനസുകാരായിരുന്നു. അവരുടെ ബിസിനസ് നഷ്ടത്തിലാകുന്ന അവസ്ഥയിലായപ്പോഴും ആവേശം കൈവിടാതെ മുന്നോട്ടുപോവുകയാണ് ചെയ്തത്. പണം സമ്പാദിക്കുന്ന രീതി ശരിയാണെങ്കില്‍ ബിസിനസ് മികച്ചതായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

"ബിസിനസ് ചെയ്യാനുള്ള അഭിനിവേശമാണ് നിങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. വാള്‍ട്ട് ഡിസ്‌നിയേയും അസിം പ്രേംജിയേയും രത്തന്‍ ടാറ്റയേയും പോലെ. അവര്‍ മികച്ചവരാണ്. അവരുടെ ബിസിനസിലെ കഴിവിനെ കുറിച്ച് പറയാന്‍ ഞാനാളല്ല. പക്ഷേ അവര്‍ എന്തുകൊണ്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഒരു നല്ല ഉദ്ദേശത്തോടെയാണ് നാനോ കൊണ്ടുവന്നത്. അത് ശരിയാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അത് കൊണ്ടുവന്നതിന് പിന്നിലെ കാരണം വ്യക്തമാണ്. അതിന് പിന്നില്‍ ബിസിനസല്ല, അഭിനിവേശമാണ്," ഷാരൂഖ് പറഞ്ഞു.

അവസരം കിട്ടുമ്പോഴൊക്കെ താന്‍ ടാറ്റ സണ്‍സ് ഗ്രൂപ്പിലെ ആര്‍.കെ കൃഷ്ണകുമാറുമായി സമയം ചെലവിടാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു. 'ഇത്തരം ആളുകള്‍ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. അവരുണ്ടാക്കി വെച്ചിരിക്കുന്നത് ഒന്നുനോക്കൂ. കെ.വി കമ്മത്തുമായി ഞാന്‍ സംസാരിക്കാറുണ്ട്. വളരെ സാധാരണക്കാരനായ മനുഷ്യന്‍. എന്നാല്‍ അവരുടെ ദീര്‍ഘവീക്ഷണം വലുതാണ്. എന്നെ ഇവര്‍ പ്രചോദിപ്പിച്ചിട്ടുണ്ട്'- ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT