പി. സതീദേവി 
NEWSROOM

ഷഹാനയുടെ മരണം: 'നിറം പോരാ എന്നു പറയുന്നത് വെളുത്തിരിക്കണം എന്ന ധാരണയിൽ'; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പത്തനംതിട്ടയിലെ പോക്സോ കേസിൽ പെൺകുട്ടിക്ക് ഇപ്പോൾ പ്രായപൂർത്തിയായതുകൊണ്ട് കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സതീദേവി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ആ പെൺകുട്ടി ആത്മഹത്യയില്‍ അഭയം തേടി എന്നത് വേദനാജനകം. നിറം പോരാ എന്നു പറയുന്നത് വെളുത്തിരിക്കണം എന്ന ധാരണയിൽ നിന്നാണെന്നും കറുത്ത നിറത്തിന് അപകടം എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ബുധനാഴ്ച രാവിലെയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ അവഹേളനത്തെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ ഷഹാന ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും വാഹിദിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.

സംഭവിച്ചത് വേദനാജനകമായ കാര്യമാണെന്നും വിവാഹബന്ധം തകർന്നുപോയാൽ ജീവിതം തന്നെ തീർന്നു എന്ന ധാരണ ശരിയല്ലെന്നും സതീദേവി പറഞ്ഞു. ആരെങ്കിലും അധിക്ഷേപിച്ചു കഴിഞ്ഞാൽ ജീവനൊടുക്കുന്നതല്ല മാർഗമെന്നും വനിത കമ്മീഷൻ അധ്യക്ഷ കൂട്ടിച്ച‍േർത്തു.

പത്തനംതിട്ടയിലെ പോക്സോ കേസിൽ പെൺകുട്ടിക്ക് ഇപ്പോൾ പ്രായപൂർത്തിയായതുകൊണ്ട് കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സതീദേവി അറിയിച്ചു. അഞ്ചുവർഷമായി നേരിട്ട ദുരനുഭവം കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. വീടുകളിൽ ആശയവിനിമയത്തിൻ്റെ കുറവുണ്ട്. ആശയവിനിമയത്തിനുള്ള സാഹചര്യം കുടുംബങ്ങളിൽ ഉണ്ടാവണം. ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ഹെൽത്തി റിലേഷൻഷിപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്നും സതീദേവി അറിയിച്ചു.

നടി ഹണി റോസിനെ ലൈം​ഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷമുള്ള ബോബി ചെമ്മണ്ണൂരിന്റെ പ്രവർത്തനങ്ങളെ വനിതാ കമ്മീഷൻ വിമർശിച്ചു. ബോബിയുടെ നടപടി നിയമത്തെ ധിക്കരിക്കൽ. ഹൈക്കോടതി ഇടപെടൽ ശ്ലാഘനീയമാണെന്നും ശക്തമായ നടപടി സ്വീകരിക്കുന്നുവെന്നും സതീദേവി പറഞ്ഞു. നടപടി കേരളീയ സമൂഹത്തിന് നല്ല സന്ദേശം നൽകുന്നു. പരാതിപ്പെടുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന സമീപനമുണ്ടാവുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യാജ പരാതിയുണ്ടോ എന്ന് വ്യക്തമല്ലെന്നും സതീദേവി അഭിപ്രായപ്പെട്ടു. ലഭിച്ച പരാതികളിൽ പൊലീസ് അന്വേഷണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

SCROLL FOR NEXT