NEWSROOM

ഷഹബാസിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ ബന്ധം; ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസിലെ പ്രതി ടി.കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്

Author : ന്യൂസ് ഡെസ്ക്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പിതാവിന്റെ ക്വട്ടേഷന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.


പ്രധാന പ്രതിയുടെ പിതാവ് ടി.പി. വധക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഷഹബാസിനെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന സമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, കുഴല്‍പ്പണ ഇടപാട് കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ് ഇയാള്‍.


ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാലിന്റെ ആരോപണം. 5 വിദ്യാര്‍ഥികളില്‍ 3 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ച കേസില്‍ പ്രതികളായിരുന്നു. ഈ കേസ് പിന്നീട് പ്രതികളുടെ രക്ഷിതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ഇക്ബാല്‍ ആരോപിക്കുന്നു.

ഇന്ന് രാവിലെ മുതല്‍ കേസിലെ പ്രതികളായ 5 വിദ്യാര്‍ഥികളുടെയും വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മര്‍ദ്ദനത്തിനുപയോഗിച്ച ആയുധം കണ്ടെത്തിയത്. പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. നഞ്ചക്ക് കുട്ടിയുടെ പിതാവിന്റേതാകാം എന്ന സംശയത്തിലാണ് പൊലീസ്.


ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ 12.30നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഷഹബാസിന് മര്‍ദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.

SCROLL FOR NEXT