NEWSROOM

"ഷാഹി ജുമാ മസ്ജിദിൽ നടന്നത് പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പ്"; ഗുരുതര ആരോപണവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ

അഞ്ച് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ യുപി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



ഉത്തർപ്രദേശ് ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ സഫർ അലി. ആൾക്കൂട്ടത്തിൽ നിന്നും വെടിവെപ്പുണ്ടായി എന്ന വാദം തെറ്റാണെന്നും, നടന്നത് പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പാണെന്നും സഫർ അലി ആരോപിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്നും സഫർ അലി പറഞ്ഞു. അഞ്ച് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ യുപി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ച്ചയായി യുപിയിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് പരിസരപ്രദേശങ്ങളിൽ കലാപസമാന അന്തരീക്ഷമാണ്. നവംബർ 24 നാണ് പ്രദേശത്ത് അഞ്ച് പേർ കൊല്ലപ്പെടാനിടയായ സംഘർഷം നടന്നത്. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അന്ന് നടന്നത് പൊലീസിന്റെ ആസൂത്രിത വെടിവെപ്പാണെന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മസ്ജിദ് കമ്മിറ്റി ചെയർമാൻ സഫർ അലി.

ആൾക്കൂട്ടത്തിൽ നിന്നും വെടിവെപ്പുണ്ടായി എന്ന വാദം തെറ്റാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്. പള്ളിയുടെ മുന്നിലുള്ള വാഹനങ്ങൾ പൊലീസ് തന്നെയാണ് തല്ലിത്തകർത്തത്. നാടൻ തോക്കുകൾ കൈവശം വെച്ച് പൊലീസ് എത്തുന്നതും, വെടിയുതിർക്കുന്നതും താൻ കണ്ടുവെന്നും സഫർ അലി പറഞ്ഞതായി ദേശീയ മാധ്യമമായ ദ വയർ റിപ്പോർട്ട് ചെയ്യുന്നു.


എന്നാൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും, പെല്ലറ്റുകളും മാത്രമാണ് പ്രയോഗിച്ചതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുപി പൊലീസ്. നാടൻ തോക്കിൽ നിന്ന് വെടിയേറ്റാണ് യുവാക്കൾ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും ഡിവിഷണൽ കമ്മിഷണർ പറയുന്നു.

സംഘര്‍ഷങ്ങളുടെ തുടക്കം

ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതോടെ ചൊവ്വാഴ്ച മുതല്‍ സംഭല്‍ സംഘര്‍ഷഭരിതമായിരുന്നു. ചൊവ്വാഴ്ചയോടെ സര്‍വേ പൂര്‍ത്തിയാക്കാനായില്ലെന്നും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടാതിരിക്കാനാണ് ഞായറാഴ്ച രാവിലെ വീണ്ടും സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.


പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529 ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നുമാണ് വാദം. വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഷേധങ്ങള്‍ക്കിടയിലും നാല് പേര്‍ കൊല്ലപ്പെട്ടപ്പോഴും അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കി. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തര്‍ക്കം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ വിഷ്ണു ശങ്കറും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് കോടതിയെ സമീപിച്ചത്.

SCROLL FOR NEXT