NEWSROOM

'അമിത് ഷായെ പണ്ട് സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് നാടുകടത്തിയതാണ്'; തിരിച്ചടിച്ച് ശരദ് പവാര്‍

ശരദ് പവാറിനെ അഴിമതിയുടെ രാജാവ് എന്ന് അമിത് ഷാ അടുത്തിടെ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം.

Author : ന്യൂസ് ഡെസ്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ എന്‍സിപി (എസ് സി പി) തലവന്‍ ശരദ് പവാര്‍. നിയമം ദുരുപയോഗം ചെയ്ത കേസിന് സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് നാടുകടത്തിയ വ്യക്തിയാണ് അമിത് ഷാ എന്നാണ് ശരദ് പവാറിന്റെ വിമര്‍ശനം. പവാറിനെ അഴിമതിയുടെ രാജാവ് എന്ന് അമിത് ഷാ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്റെ വിമര്‍ശനം.

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ ഒക്കെ പറയുകയുണ്ടായി. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും തലവന്‍ ഞാന്‍ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. പക്ഷെ നിയമങ്ങള്‍ ദുരുപയോഗം ചെയ്തതിന് സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് നാടുകടത്തിയ വ്യക്തിയാണ് ഇന്ന് നമ്മുടെ ആഭ്യന്തര മന്ത്രി,' ശരദ് പവാര്‍ പറഞ്ഞു.

2010ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് എന്‍കൗണ്ടര്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ രണ്ട് വര്‍ഷത്തേക്ക് സുപ്രീം കോടതി നാടുകടത്തിയിരുന്നു. 2014ല്‍ അമിത് ഷായെ കേസില്‍ വെറുതെ വിടുകയും ചെയ്തു.

എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന അഴിമതി ആരോപണങ്ങളിലായിരുന്നു അമിത് ഷാ ശരദ് പവാറിനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.

'ഞങ്ങള്‍ അഴിമതിക്കാരാണെന്ന് പ്രതിപക്ഷം ആരോപിക്കുകയാണ്. എന്നാല്‍ ഇവിടെ യഥാര്‍ഥത്തില്‍ അഴിമതി നടത്തുന്നവരുടെ രാജാവ് ശരദ് പവാര്‍ ആണ്. രാജ്യത്തെ ഏതെങ്കിലും ഒരു സര്‍ക്കാരില്‍ ഏതെങ്കിലും ഒരു നേതാവ് അഴിമതിയെ സ്ഥാപനവത്കരിച്ചിട്ടുണ്ടെങ്കില്‍ അത് ശരദ് പവാറാണ്. അതില്‍ എനിക്ക് ഒരു സംശയവുമില്ല,' എന്നായിരുന്നു അമിത് ഷായുടെ ആരോപണം. ജൂലൈ 21ന് പൂനെയില്‍ വെച്ച് നടന്ന ബിജെപി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


SCROLL FOR NEXT