തിരുവനന്തപുരം പാറശാല ഷാരോൺ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. ഷാരോൺ കൊല്ലപ്പെട്ട് രണ്ട് വർഷമാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഷാരോണിൻ്റെ സുഹൃത്തായിരുന്ന ഗ്രീഷ്മ ജ്യൂസില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്ടോബർ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. പാറശാല പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിൻ്റെ വിചാരണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളാണുള്ളത്. ഇതിൽ 131 പേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കുന്നത്.
2022 ഒക്ടോബർ 25നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഷാരോൺ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഷാരോണിൻ്റേത് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. പൊലീസ് നടത്തിയ ചേദ്യം ചെയ്യലിൽ പ്രതി ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. സുഹൃത്തായ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഗ്രീഷ്മ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.