NEWSROOM

'ജനങ്ങള്‍ക്ക് മുന്നില്‍ ഐക്യം പ്രകടമാക്കാന്‍ വിവാദങ്ങള്‍ ഒഴിവാക്കണം'; യുഡിഎഫ് യോഗത്തില്‍ ശശി തരൂരിന് പരോക്ഷ വിമര്‍ശനം

''ദുര്‍ബലപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാരിന് പിടി വള്ളിയാകുന്ന പ്രസ്താവനകള്‍ നേതാക്കള്‍ ഒഴിവാക്കണം''

Author : ന്യൂസ് ഡെസ്ക്


യുഡിഎഫ് യോഗത്തില്‍ തരൂരിന് പരോക്ഷ വിമര്‍ശനവുമായി ഘടകക്ഷികള്‍. ജനങ്ങള്‍ക്ക് മുന്നില്‍ ഐക്യം പ്രകടമാക്കണം. അതിനായി വിവാദങ്ങള്‍ ഒഴിവാക്കണം മുതലായ വിമര്‍ശനങ്ങളാണ് പ്രധാനമായും ഘടകക്ഷികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ദുര്‍ബലപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാരിന് പിടി വള്ളിയാകുന്ന പ്രസ്താവനകള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും വിമര്‍ശനമുണ്ട്. തരൂരിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഘടക കക്ഷി നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്ന് പോയാല്‍ അത് പിന്നീട് വിവാദമായി മാറുകയും ഇത് യുഡിഎഫിനെ തകര്‍ക്കും എന്നുമുള്ള ഭയവും യുഡിഎഫ് യോഗത്തില്‍ ഘടകക്ഷികള്‍ ഉന്നയിച്ചതായാണ് വിവരം.

ഇന്ത്യന്‍ എക്‌സ്പ്രസ് വര്‍ത്തമാനം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എഴുതിയ ലേഖനം വിവാദമായതിന് പിന്നാലെ യുഡിഎഫില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് തരൂരിന്റെ ലേഖനമെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ശശി തരൂര്‍ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ നടത്തിയത്.

കോണ്‍ഗ്രസ് ക്ഷണിച്ചതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും തന്നെ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉപയോഗിക്കാമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുന്ന കാര്യം മനസില്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക് മത്സരിക്കാനല്ല, കേരളത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറാകണം. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളില്‍ സംസ്ഥാനത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെന്നും തരൂര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ബിജെപി തനിക്ക് ഒരിക്കലും ഒരു ഓപ്ഷനല്ല. പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള ഓപ്ഷന്‍ എപ്പോഴും ഉണ്ടാവാം. പക്ഷെ നാളെ ഒരു ബിജെപി നേതാവിനോ സിപിഎം നേതാവിനോ എന്നെ വന്ന് കാണുന്നതിന് എന്താണ് പ്രശ്നം? നമ്മള്‍ എല്ലാവരും ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ എന്നും ശശി തരൂര്‍ ചോദിച്ചു. അവര്‍ എതിരാളികള്‍ ആണ്. ശത്രുക്കള്‍ അല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശശി തരൂരിനെതിരെ ഉടന്‍ നടപടി ഒന്നും എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. തരൂര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും തീരുമാനമായി.

കേരളത്തിലെ നേതാക്കളോടും വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നിര്‍ദേശം നല്‍കിയിരുന്നു. വിമര്‍ശനം ഉന്നയിച്ചത് കൊണ്ട് ഒരാളെയും സൈഡ് ലൈന്‍ ചെയ്യില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. നന്മയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യും. കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്നും താന്‍ ഒരു പക്ഷത്തിന്റെയും ഭാഗം അല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

SCROLL FOR NEXT