NEWSROOM

കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാവില്ല; പഹല്‍ഗാമിലെ വീഴ്ച ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശി തരൂര്‍

ഇവിടെ ചില വീഴ്ചകളൊക്കെ സംഭവിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണമാണ് ഇപ്പോള്‍ ആവശ്യം. ഇതിനെക്കുറിച്ച് കൃത്യമായി അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

Author : ന്യൂസ് ഡെസ്ക്


പഹല്‍ഗാമിലെ ഇന്റലിജന്‍സ് വീഴ്ച ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശി തൂരൂര്‍ എം.പി. പാകിസ്ഥാനെതിരെ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്കില്ല. പക്ഷെ ഇങ്ങോട്ട് ആക്രമിച്ചാൽ തിരിച്ചടി കിട്ടുക തന്നെ ചെയ്യുമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

എവിടെയും കുറ്റമറ്റ ഒരു ഇന്റലിജന്‍സ് സംവിധാനം ഉണ്ടാകില്ല. പഹല്‍ഗാമില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നല്ല. പക്ഷെ അത് ചര്‍ച്ചയാക്കേണ്ടത് ഇപ്പോഴല്ലെന്നാണ് ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. ഇസ്രയേലിനെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്‍റെ പ്രതികരണം. 

"ഇവിടെ ചില വീഴ്ചകളൊക്കെ സംഭവിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണമാണ് ഇപ്പോള്‍ ആവശ്യം. ഇതിനെക്കുറിച്ച് കൃത്യമായി അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കണം. ഇസ്രയേലിനെ നോക്കൂ. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സേവനം എന്നൊക്കെ വാഴ്ത്തിയിട്ടും രണ്ട് വര്‍ഷം മുമ്പ് ഒക്ടോബര്‍ ഏഴിന് അതെല്ലാം തകര്‍ന്നു പോയില്ലേ? ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കല്‍ ആണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാം," ശശി തരൂർ പറഞ്ഞു.

100 ശതമാനം കുറ്റമറ്റ ഒരു ഇന്റലിജന്‍സ് സംവിധാനം ഒരു രാജ്യത്തിനും അവകാശപ്പെടാന്‍ ആകുമെന്ന് ഞാന്‍ കരുതുന്നില്ല. വീഴ്ചകളുണ്ടായിട്ടുണ്ട്. പക്ഷെ അതായിരിക്കരുത് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം എന്ന് തന്നെയാണ് ആവര്‍ത്തിച്ച് പറയുന്നത്. രാജ്യത്തെ നിഷ്‌കളങ്കരായ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന ആക്രമണം തന്നെയായിരിക്കണം പ്രധാന ഫോക്കസ്. ഒരുമിച്ച് നിന്ന് പാകിസ്ഥാന് ഒരു തിരിച്ചടി നല്‍കണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

'ഒരു ഭയവുമില്ലാതെ ഇന്ത്യക്കാരെ കൊന്ന് തള്ളാമെന്ന് പാകിസ്ഥാനികള്‍ കരുതരുത്. പാകിസ്ഥാനെതിരെ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്കില്ല. പക്ഷെ നിങ്ങള്‍ ഇങ്ങോട്ട് വന്ന് ചെയ്താല്‍ തിരിച്ചടി കിട്ടുക തന്നെ ചെയ്യുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കണം. അവരെന്ത് പറഞ്ഞാലും രക്തമൊഴുകുക തന്നെ ചെയ്യും. ഇത് പറയുന്നതില്‍ വിഷമമുണ്ട്. പക്ഷെ രക്തച്ചൊരിച്ചില്‍ കൂടുതലും അവരുടെ ഭാഗത്ത് തന്നെയായിരിക്കും സംഭവിക്കുക,' ശശി തരൂര്‍ പറഞ്ഞു.

ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിരിക്കെ തന്നെ അവര്‍ എല്ലാ തരത്തിലും നിഷേധിക്കുന്നുണ്ടാവാം. 2016ല്‍ ഉണ്ടായ ഉറി ആക്രമണത്തിനും 2019ലെ പുല്‍വാമ ഭീകരാക്രമണത്തിനുമെല്ലാം പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കിയിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT