കേരളത്തിലെ വ്യാവസായിക മേഖലയുടെ വളർച്ചയെ പ്രകീർത്തിച്ച നിലപാടിൽ മാറ്റം വരുത്തി ശശി തരൂർ എംപി. കേരളത്തിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരേണ്ടതുണ്ടെന്നും അത് കടലാസിൽ മാത്രം ഒതുങ്ങരുതെന്നുമാണ് തരൂരിന്റെ പുത്തൻ നിലപാട്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ പൂട്ടിയെന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഒന്‍പത് വർഷത്തിനിടയ്ക്ക് 42,000 MSMEകള്‍ അടച്ചുപൂട്ടിയെന്നാണ് വാർത്തയില്‍ പറയുന്നത്.
'കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ കഥ റിപ്പോർട്ട് ചെയ്യപ്പെട്ടതല്ലെന്ന് കാണുമ്പോൾ നിരാശ തോന്നുന്നു. ഗവൺമെന്റിന്റെ അവകാശവാദങ്ങൾ ശരിയായ ഉദ്ദേശ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ് ഏക ശുഭസൂചന. നമുക്ക് കൂടുതൽ എംഎസ്എംഇ സ്റ്റാർട്ടപ്പുകൾ ആവശ്യമാണ് - കടലാസിൽ മാത്രമല്ല. കേരളം ഈ വഴിക്ക് മുന്നേറണം!', തരൂർ എക്സില്‍ കുറിച്ചു.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ കേരളത്തിലെ വ്യാവസായിക വികസനത്തെ വാനോളം പുകഴ്ത്തിയത്. സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം എഴുതിയത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാം തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞിരുന്നു. 'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിലാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖനം പ്രസിദ്ധീകരിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെ തരൂര്‍ അഭിനന്ദിക്കുന്നു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണ് ഇതെന്നായിരുന്നു തരൂരിൻ്റെ നിലപാട്. ദേശാഭിമാനി പത്രമാകട്ടെ തരൂരിൻ്റെ ലേഖനം സംബന്ധിച്ച വാർത്ത, 'കേരളം അതിശയിപ്പിക്കുന്നു', എന്ന ഒന്നാം തലക്കെട്ടുമാക്കി.
Also Read: ശബരിമല വിമാനത്താവളം: ഭരണാനുമതി ഈ മാസം നൽകും
തരൂരിന്റെ ലേഖനം ഇടത് സഹയാത്രികരും നേതാക്കളും സ്വാഗതം ചെയ്തതോടെ കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്ന് നിലപാട് ആവർത്തിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ശശി തരൂർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് പ്രതിരോധിക്കാനാണ് പല നേതാക്കളും ശ്രമിച്ചത്. എന്നാൽ താന്‍ സംസാരിച്ചത് കേരളത്തിന് വേണ്ടിയാണെന്നും ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്നുമായിരുന്നു തരൂരിന്റെ നിലപാട്. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് ഹൈക്കമാന്‍ഡിന്റെ അതൃപ്തി അറിയിച്ചിട്ടും ശശി തരൂർ ഇതിൽ നിന്ന് പിന്നാക്കം പോയില്ല. ഇതിനു പിന്നാലെ ഒരു പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിന് എതിരെ നടത്തിയ ചില പരാമർശങ്ങൾ കൂടി വിവാദമായതോടെ തരൂരിനെതിരെ ഹൈക്കമാൻഡിൽ നിന്നും നടപടിയുണ്ടാകുമെന്ന തലത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ എൽഡിഎഫിന് ഗുണകരമാകുന്ന തരത്തിലുള്ള എല്ലാ പരസ്യപ്രസ്താവനകളും വിലക്കുകയായിരുന്നു ഹൈക്കമാൻഡ്. അതിനു പിന്നാലെയാണ് ശശി തരൂരിന്റെ ഈ നിലപാട് മാറ്റം.