കേരളാ പൊലീസിനെതിരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധു. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കണമെന്ന് ഷിബിലയുടെ ബന്ധു അബ്ദുൾ മജീദ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അബ്ദുൾ മജീദിൻ്റെ പ്രതികരണം. പ്രതി യാസിറിന് തക്കതായ ശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
ഷിബില നൽകിയ പരാതിയിൽ അന്വേഷണം വൈകിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കാരണക്കാരായ എസ്എച്ച്ഒ ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. യാസിറിൻ്റെ കുടുംബത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകും എന്നും കുടുംബം അറിയിച്ചു. പരാതി പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കുടുംബം അറിയിച്ചു.
ഷിബിലയുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഷിബിലയുടെ മരണത്തിന് കാരണം താമരശ്ശേരി പൊലീസ് നിഷ്ക്രിയത്വമാണെന്ന പരാതിയിലാണ് കേസെടുത്തത്. പ്രതി യാസിറിൽ നിന്നും അപകടഭീഷണി ഉണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നു. മെല്ലെപ്പോക്ക് നയം സ്വീകരിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
പ്രതി യാസിറിന് കടുത്ത ശിക്ഷ നൽകണമെന്നും ലഹരിയുടെ അതിപ്രസരം കൊണ്ടുണ്ടായ കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. മാർച്ച് 19നായിരുന്നു ഷിബില കൊല്ലപ്പെടുന്നത്. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് വീട്ടിൽ കയറിവന്ന ഷിബിലയെയും മാതാപിതാക്കളെയും യാസിർ ആക്രമിക്കുകയായിരുന്നു. ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ആകെ 11 മുറിവുകളാണ് ശരീരത്തിൽ കണ്ടെത്തിയത്.