NEWSROOM

ഷൈൻ ടോം ചാക്കോ ഹാജരായി; ചോദ്യംചെയ്യുന്നതിൻ്റെ വീഡിയോ ചിത്രീകരിക്കും

പിതാവും അഭിഭാഷകനും ഷൈൻ ടോം ചാക്കോയ്ക്കൊപ്പം എത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പിതാവും അഭിഭാഷകനും ഷൈൻ ടോം ചാക്കോയ്ക്കൊപ്പം എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. ചോദ്യംചെയ്യൽ വീഡിയോ ചിത്രീകരിക്കാനും തീരുമാനമുണ്ട്.

എസ്എച്ച്ഒയുടെ മുറിയിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വ‍ത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ. അതേസമയം, നടനെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി പൊലീസ് തയാറാക്കിയിട്ടുണ്ട്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം നോർത്ത് പൊലീസ് തയാറാക്കിയത്. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സമീപ കാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. അടുത്തിടെ നടൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസിന് കൈമാറി.

SCROLL FOR NEXT