കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തൃപ്തികരമല്ലെന്ന് അമ്മ ഷീല. മകന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വാര്‍ത്ത എന്തുതന്നെയായാലും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അമ്മ പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാരിലും കേന്ദ്രസര്‍ക്കാരിലും വിശ്വാസമില്ലെന്നും ഷീല അറിയിച്ചു. രക്ഷാദൗത്യം മതിയാക്കി സൈന്യം ഉടന്‍ മടങ്ങുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഷീലയുടെ പ്രതികരണം.
രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞായിരുന്നു ഷീലയുടെ വിമര്‍ശനം. അര്‍ജുന്‍ വീണെന്ന് കരുതപ്പെടുന്ന പ്രദേശത്ത് മണ്ണ് കുമിഞ്ഞ് കൂടിയിരിക്കുകയാണ്. അതിനാല്‍ ഇനിയും പ്രതീക്ഷയില്ലെന്ന് ഷീന വ്യക്തമാക്കി. അര്‍ജുന്റെ തെരച്ചിലിനായി കരസേനയെ ആവശ്യപ്പെട്ട് കുടുംബം തന്നെയാണ് മുന്നോട്ടുവന്നിരുന്നത്. എന്നാല്‍ അര്‍ജുനെ കണ്ടെത്തുന്നതില്‍ സൈന്യത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
സൈന്യത്തിന് വേണ്ടത്ര നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വെറും പ്രഹസനത്തിന്റെ ഭാഗമായാണ് സൈന്യമെത്തിയത്. അര്‍ജുനെ രക്ഷിക്കാന്‍ തക്കവണ്ണമുള്ള രക്ഷാ ഉപകരണങ്ങളൊന്നും സൈന്യം കരുതിയിരുന്നില്ല. ഇനി നാവിക സേനയെത്തുന്നത് കൊണ്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഷീന പ്രതികരിച്ചു. കേന്ദ്ര-കര്‍ണാടക സര്‍ക്കാരുകളോടുള്ള വിശ്വാസ്യത മുഴുവന്‍ തകര്‍ന്നതായി അര്‍ജുന്റെ കുടുംബം പറഞ്ഞു.
തെരച്ചിലില്‍ വീഴ്ച സംഭവിക്കുന്നത് സ്വകര്യ താല്‍പര്യം മൂലമെന്ന് സംശയം ഷീന പ്രകടിപ്പിച്ചു. തുടക്കത്തില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഷീനയുമായി പങ്കുവെച്ചെങ്കിലും പിന്നാലെ ലഭിക്കാതായി.തെരച്ചിലിനായി എത്തിച്ച റഡാര്‍ വലിയ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതല്ലെന്ന് ആരാപണവും നിലവിലുണ്ട്.
ഇന്ത്യയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്ന് ഷീന പറയുന്നു. മലയാളിയായതിനാല്‍ അര്‍ജുന്റെ തെരച്ചിലിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിച്ചു. എന്നാല്‍ മലയാള മാധ്യമങ്ങളുടെ മാത്രമല്ല, ഇന്ത്യന്‍ മുഖ്യധാര മാധ്യമ ശ്രദ്ധ ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്ക് ലഭിക്കണമെന്നും സമാനരീതിയില്‍ കാണാതായ തമിഴ് കുടുംബത്തിനും നീതി ലഭിക്കണമെന്നും ഷീന അഭിപ്രായപ്പെട്ടു.