അർജുൻ 
NEWSROOM

അർജുനായി 14-ാം നാള്‍: ഡ്രഡ്ജിങ് യന്ത്രം സജ്ജം, ടെക്നിക്കൽ സംഘം തൃശൂരിൽ നിന്നും പുറപ്പെട്ടു

നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം പതിനാലാം ദിവസത്തിലേക്ക്. തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിൻ്റെ ഓപ്പറേറ്റർമാർ ഉടൻ ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കുത്തൊഴുക്കിൽ യന്ത്രം പ്രവർത്തിപ്പിക്കാനുകുമോ എന്നത് അനുസരിച്ചാകും മുന്നോട്ടുള്ള തെരച്ചിൽ നടത്തുക.

കാർഷിക ഗവേഷണ കേന്ദ്രവും കാർഷിക യന്ത്രവത്കരണ മിഷനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ജലോപരിതലത്തിൽ സഞ്ചരിക്കുന്ന ഡ്രഡ്ജിങ്ങ് യന്ത്രം. കോഴിക്കോട് മറൈൽ ഇൻഡസ്ട്രീസിലാണ് യന്ത്രം നിർമിച്ചത്. 25 അടി താഴ്ച്ചയിൽ വരെ ചെളി നീക്കം ചെയ്യാൻ കഴിയും. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെക്കുറിച്ച് ഉത്തര കന്നഡ കളക്ടർ കഴിഞ്ഞദിവസം തൃശൂർ കളക്ടറോട് വിവരങ്ങൾ തേയിരുന്നു. പിന്നാലെയാണ് തൃശൂരിൽ നിന്ന് ഡ്രജിങ് യന്ത്രത്തിൻ്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും കൂടി ഷിരൂരിലേക്ക് പോകാൻ തീരുമാനമായത്.

അതേസമയം, ഉത്തര കന്നഡയിൽ അടുത്ത 21 ദിവസം ശക്തമായ മഴയാണ് പ്രവചിച്ചിരുക്കുന്നത്. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു. മാൽപെയിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘവും ദൗത്യത്തിൽ നിന്നും പിന്മാറിയിരുന്നു. നദിയുടെ അടിത്തട്ടിലെ പാറക്കല്ലുകളും, മരങ്ങളും, ചെളിയും നീക്കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് മുങ്ങൾ വിദഗ്ധൻ ഈശ്വർ മാൽപെ അറിയിച്ചത്. 

കേരളസർക്കാരിൻ്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനോടകം ഉയർന്നത്. അർജുനെ കണ്ടെത്താതെ ദൗത്യത്തിൽ നിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തണമെന്നാണ് കത്തിലെ ഉള്ളടക്കം.

SCROLL FOR NEXT