ഷിരൂരിൽ ഗംഗവലി പുഴയിൽ ഇറങ്ങി നടത്തിയത് ട്രയൽ പരിശോധനയെന്ന് തെരച്ചില്‍ സംഘം. ആഴത്തിലേക്ക് പോകാനായില്ലെന്നും രണ്ട് തവണ മണല്‍തിട്ടയില്‍ നിന്നും ഒരു തവണ ബോട്ടില്‍ നിന്നും ഡൈവ് ചെയ്തുവെന്നും സംഘം അറിയിച്ചു.
മുള പുഴയുടെ നടുഭാഗത്തെ മണല്‍തിട്ടയില്‍ എത്തിച്ചു. നാലാം തവണ മുങ്ങാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 100 മീറ്റര്‍ അകലെ നേവി ബോട്ട് സജ്ജീകരിച്ചതായും സംഘം അറിയിച്ചു.
മൂന്നു പേരടങ്ങുന്ന സംഘമാണ് പുഴയിൽ അർജുനെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധ സംഘത്തിലെ തലവനായ ഈശ്വർ മാൽപെയെ ബന്ധിപ്പിച്ച കയർപൊട്ടി അപകടത്തിൽപ്പെട്ടു. 100 മീറ്ററോളം ഒഴുക്കിൽപ്പെട്ട മാൽപെയെ തിരികെ കരയ്‌ക്കെത്തിച്ചു.
പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. നേരത്തെ നാലിടങ്ങളിലായാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമത്തെ പോയിന്റിലാണ് ഇപ്പോൾ പരിശോധന ശക്തമായിരിക്കുന്നത്. അർജുൻ്റെ ലോറി ഈ പ്രദേശത്ത് തന്നെ ഉണ്ടെന്നാണ് ദൗത്യസംഘത്തിൻ്റെ വിലയിരുത്തൽ.
അതേസമയം, ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന അവസാനിപ്പിച്ചു. ഐബോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ക്യാബിന്‍ ഉയര്‍ന്ന നിലയില്‍ ആണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. നദിയിൽ സിപി 4 എന്ന പോയിൻ്റിൽ കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണ് ക്യാബിന്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.