കർണാടക ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായവർക്കായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഇന്ന് വൈകിട്ടോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കും. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാവും തെരച്ചിൽ നടത്തുക.
ഇന്നലെ രാവിലെ ഗോവയിൽ നിന്നും ടഗ് ബോട്ടിൽ പുറപ്പെട്ട ഡ്രഡ്ജർ പ്രതികൂല കാലാവസ്ഥ കാരണം പാതിവഴിയിൽ യാത്ര താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ഗോവൻ കടലിൽ ശക്തമായ കാറ്റു വീശിയതാണ് തിരിച്ചടിയായത്. അതിനാൽ ഇന്ന് ഉച്ചയോടെ മാത്രമേ ഡ്രഡ്ജർ കാർവാറിലെത്തു. തുടർന്ന് നേവിയിൽ നിന്നും എൻഒസി ലഭിച്ചതിന് പിന്നാലെ ഷിരൂരിലേക്ക് പുറപ്പെടും.
പുഴയിലൂടെ അഞ്ച് മണിക്കൂറോളം സഞ്ചരിച്ചാണ് ഷിരൂരിലെ അപകടം നടന്ന സ്ഥലത്തെത്തുക. വൈകിട്ടോടെ മാത്രമാകും ഡ്രഡ്ജർ ഷിരൂരിലെത്തിക്കുക. വ്യാഴാഴ്ച രാവിലെ മുതൽ ഇൻസ്റ്റളേഷൻ നടപടികൾ ആരംഭിക്കും. വൈകിട്ടോടെ തെരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. മലയാളിയായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്തേണ്ടത്. അതിനിടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും.
READ MORE: പരാതി പിന്‍വലിക്കണമെന്ന് ഭീഷണി, ജോലിയില്‍ നിന്ന് പുറത്താക്കി; രഞ്ജിത്തിനെതിരെ വീണ്ടും യുവാവ്