ഷിരൂരിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കും. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ അങ്കോളയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ജലമാർഗമായിരിക്കും ഡ്രഡ്ജർ എത്തിക്കുക. നദിയിലൂടെ പാലങ്ങൾക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടിയും വരും. ഇതിനായി പരിശോധനകളും ആവശ്യമാണ്. ഇതിനാലാണ് ഡ്രഡ്ജർ എത്തിക്കാൻ സമയം എടുക്കുന്നത്.
തിങ്കളാഴ്ചയോടെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജിങ് മെഷീൻ എത്തിക്കാൻ 50 ലക്ഷം രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. നാലു ലക്ഷം രൂപയാണ് ദിവസ വാടക വരുന്നത്. ഇതിന്റെ ചിലവ് ഉത്തരകന്നഡ ജില്ലാഭരണകൂടം വഹിക്കും. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലാകും ഇന്ധനച്ചെലവ് വഹിക്കുക. അതേസമയം, ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ തെരച്ചിൽ ഉണ്ടാകില്ല.
Read More: ഷിരൂർ ദൗത്യം: പുഴയിൽ നിന്നും ലോഹഭാഗങ്ങൾ കണ്ടെത്തി, അർജുൻ്റെ ലോറിയുടേതല്ല, തകർന്ന ട്രക്കിൻ്റെ ഭാഗങ്ങളാകാൻ സാധ്യതയെന്ന് ഇന്ത്യൻ നേവി
കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ഇന്നലെയാണ് ഷിരൂരിൽ തെരച്ചിൽ പുനരാരംഭിച്ചത്. ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തിയിരുന്നു. ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്ന ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. തെരച്ചിലിൻ്റെ ഭാഗമായി കിട്ടിയ കയർ മരത്തടി കെട്ടാനുപയോഗിച്ച കയറാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗംഗാവലി പുഴയിലെ ആഴത്തിലുള്ള തെരച്ചിൽ ദുഷ്‌കരമാണെന്നും ഡ്രഡ്ജർ സംവിധാനം എത്തിച്ചാൽ മാത്രമേ തെരച്ചിൽ കൂടുതൽ സുഗമമാക്കാൻ സാധിക്കുകയുള്ളുവെന്നും രക്ഷാപ്രവർത്തകർ അറിയിച്ചിരുന്നു.ഇതേ തുടർന്നാണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായത്.