NEWSROOM

ഷിരൂർ ദൗത്യം: അർജുൻ്റെ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഡിഎന്‍എ പരിശോധനയും നടത്തും

ഇന്നലെ വൈകിട്ടാണ് അർജുൻ്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ അർജുൻ്റെ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കാർവാർ കിംസ് ആശുപത്രിയിലാകും പോസ്റ്റ്‌മോർട്ടം നടപടികൾ. ഡിഎന്‍എ പരിശോധനയും ഇന്ന് ആരംഭിക്കും. അർജുൻ ഓടിച്ചിരുന്ന ലോറി കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ ഇന്നും തുടരും.


ഇന്നലെ വൈകിട്ടാണ് അർജുൻ്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റിയത്. പൂർണമായി ജീർണാവസ്ഥയിലായതിനാൽ ഇന്നാവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക. തുടർന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഡിഎന്‍എ പരിശോധനയ്ക്കാവശ്യമായ സാമ്പിളുകൾ ഇന്നലെ ശേഖരിച്ചിരുന്നു. അതിനാൽ രാവിലെ ഇതുമായി ബന്ധപ്പെട്ട പരിശോധനകളും നടക്കും. ഉച്ചയോടെ പോസ്റ്റ്‍മോര്‍ട്ടം പൂർത്തിയാകുമെങ്കിലും ഡിഎന്‍എ ഫലം ലഭിക്കുന്നത് വരെ മൃതദേഹം കിംസ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കാനാണ് തീരുമാനം. ഡിഎന്‍എ പരിശോധന ഫലം വരാൻ രണ്ട് ദിവസമാണ് ആവശ്യം. എന്നാൽ നടപടികൾ വേഗത്തിലാക്കണമെന്ന് കേരള സർക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: എഴുപത്തൊന്ന് ദിവസങ്ങള്‍, നിരവധി മനുഷ്യർ; പ്രതിസന്ധികളെ അതിജീവിച്ച 'അർജുനായുള്ള തെരച്ചില്‍'...

ഡിഎന്‍എ ഫലത്തില്‍ ശരീരം അർജുന്‍റേതാണ് എന്ന് സ്ഥിരീകരിച്ചാല്‍ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിന് മുന്നോടിയായി ജില്ലാ ഭരണകൂടം നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കും. അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിനാകും മൃതദേഹം ഏറ്റുവാങ്ങുക. തുടർന്ന് മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകും. ഇന്നലെ അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയെങ്കിലും ഇത് കരയ്‌ക്കെത്തിക്കാനായില്ല. രണ്ട് തവണ ക്രെയിനിൽ ബന്ധിപ്പിച്ച വടം പൊട്ടിയതിനെ തുടർന്നാണ് ലോറി കരയ്ക്ക് കയറ്റാൻ സാധിക്കാതെ വന്നത്. ഇതിനുള്ള ശ്രമങ്ങളും ഇന്ന് തുടരും.

SCROLL FOR NEXT