NEWSROOM

ഷിരൂർ ദൗത്യം: ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ ലോറിയിൽ നിന്നുള്ള കയറും ക്രാഷ് ഗാർഡും കണ്ടെത്തി

ലോറിയിൽ മരത്തടികൾ കെട്ടാൻ ഉപയോഗിച്ച കയറാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


ഷിരൂരിൽ കാണാതായവർക്കുള്ള തെരച്ചിൽ മൂന്നാം ദിനവും തുടരുന്നു. തെരച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ ലോറിയിൽ നിന്നുള്ള കയറും ക്രാഷ് ഗാർഡും കണ്ടെത്തി. ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് കയർ കണ്ടെത്തിയത്. ലഭിച്ച കയർ അർജുൻ്റെ ലോറിയിലേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിയിൽ മരത്തടികൾ കെട്ടാൻ ഉപയോഗിച്ച കയറാണ് കണ്ടെത്തിയത്. മാത്രവുമല്ല കയർ കരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ALSO READ: ഷിരൂരിൽ തെരച്ചിൽ തുടരുന്നു; പരിശോധന അസ്ഥി ലഭിച്ച 'കോണ്ടാക്റ്റ് പോയിൻ്റ് 4'ൽ

അതേസമയം, ഇതിന്റെ മറ്റുഭാഗങ്ങൾ പുഴയുടെ ഏറ്റവും അടിത്തട്ടിലാണെന്നും, അത് കേന്ദ്രീകരിച്ചുള്ള പരിശോധന നടത്താനാകുന്നില്ലെന്നുമാണ് മുങ്ങൽ വിദഗ്ധർ പറയുന്നത്. ഡ്രഡ്ജറിന്റെ കൈ ആ ഭാഗത്തേക്ക് എത്താൻ പ്രയാസമാണെന്നും ഇവർ പറയുന്നു. പലഭാഗത്ത് നിന്നുമുള്ള മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയാൽ പുഴയുടെ അടിത്തട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് നാവിക സേന പറയുന്നത്. നിലവിൽ നാവിക സേനയുടെ നിർദേശപ്രകാരമാണ് പല ഭാഗങ്ങളിലും പരിശോധന നടക്കുന്നത്.

ആദ്യഘട്ടത്തിൽ പുഴയുടെ മധ്യഭാഗത്താണ് പരിശോധന നടത്തിയത്. എന്നാൽ കൃത്യമായി സിഗ്നൽ ലഭിച്ച ഭാഗത്ത് പരിശോധന നടത്തണമെന്ന നിർദേശം നൽകിയത് നാവിക സേനയാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് CP4, CP3 എന്നീ കരയോട് ചേർന്നുള്ള ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചത്. ആ ഭാഗത്ത് നടത്തിയ ആദ്യ പരിശോധനയിൽ തന്നെ മൊബൈൽ ടവറിന്റെ ഒരുഭാഗം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് മുങ്ങൽ വിദഗ്ധർക്ക് കയർ, ബാഗ് തുടങ്ങിയവ ഈ പരിസത്ത് നിന്നും ലഭിച്ചത്. കയർ അർജുൻ്റേതാണെന്ന സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. എന്നാൽ ബാഗ് ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല.

SCROLL FOR NEXT