NEWSROOM

മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം; മഹാരാഷ്ട്രയില്‍ 42 മണ്ഡലങ്ങളില്‍ ഉദ്ധവുമായി നേർക്കുനേർ

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 15 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പ്രഖ്യാപിച്ച് ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം. ഷൈന എൻസി, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവു സാഹെബ് ദൻവെയുടെ മകൾ സഞ്ജന ജാദവ് എന്നിവരുൾപ്പെടെ നാല് സ്ഥാനാർഥികള്‍ ബിജെപിയില്‍ നിന്ന് ഷിന്‍ഡെ വിഭാഗത്തിന് ഒപ്പം ചേർന്നവരാണ്. ഇതോടെ ബിജെപി വിട്ട 11 നേതാക്കള്‍ക്കാണ് ഷിന്‍ഡെ സേന മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

ഷൈന എൻസി മുംബൈയിലെ മുംബാദേവി മണ്ഡലത്തിൽ ശിവസേന ചിഹ്നത്തിൽ മത്സരിക്കുമ്പോൾ ജാദവ് മറാത്ത്വാഡ മേഖലയിലെ കണ്ണഡ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. ഞായറാഴ്ചയാണ് ജാദവ് ശിവസേനയിൽ ചേർന്നത്. സംഗംനറിൽ നിന്നുള്ള അമോൽ ഖടലും നെവാസയിൽ നിന്നുള്ള വിത്തൽറാവു ലാങ്‌ഗെ പാട്ടീലുമാണ് ശിവസേന ടിക്കറ്റില്‍ മത്സരിക്കുന്ന മറ്റ് രണ്ട് മുന്‍ ബിജെപി നേതാക്കള്‍. മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ടിനെതിരെയാണ് ഖടൽ മത്സരിക്കുന്നത്.

80 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ശിവസേന (ഏക്നാഥ് ഷിന്‍ഡെ) പ്രഖ്യാപിച്ചത്. ഇതില്‍ 19 മണ്ഡലങ്ങള്‍ മുംബൈയിലാണ്. ബിജെപിക്ക് പുറമെ സഖ്യകക്ഷികളിലെ മറ്റ് രണ്ട് സ്ഥാനാർഥികളും ഷിന്‍ഡെ വിഭാഗത്തിന്‍റെ ക്വാട്ടയില്‍ മത്സരിക്കുന്നുണ്ട്. ജൻ സുരാജ്യ പാർട്ടിയിൽ നിന്നുള്ള അശോക് മാനെയും ഷിരോളിൽ നിന്നുള്ള രാജേന്ദ്ര യെദ്രാവർക്കറുമാണ് പട്ടികയിലുള്ളത്.

Also Read: മോദിയുടെ വിഷൻ - 2047 പദ്ധതി രേഖകൾ കാണാനില്ല; വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉദ്ധവ് താക്കറെയും നയിക്കുന്ന രണ്ട് ശിവസേനകൾ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ 19 സീറ്റുകൾ ഉൾപ്പെടെ 288 നിയമസഭാ സീറ്റുകളില്‍ 42 എണ്ണത്തിലാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

അതേസമയം, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. ബാക്കിയുള്ള 138 സീറ്റുകളിലാണ് ശിവസേന (ഏകനാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ മഹായുതി കക്ഷികള്‍ മത്സരിക്കുക. യുവ സ്വാഭിമാൻ പാർട്ടി, രാഷ്ട്രീയ സമാജ് പക്ഷ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ), ജൻ സുരാജ്യ ശക്തി പക്ഷ എന്നിവയുൾപ്പെടെ സഖ്യകക്ഷികൾക്ക് തങ്ങളുടെ ക്വാട്ടയിൽ നിന്ന് നാല് സീറ്റുകൾ വിട്ടുകൊടുക്കുമെന്നും ബിജെപി വ്യക്തമാക്കി.

Also Read: അസം എന്ന പൊലീസ് സ്റ്റേറ്റ്; ബിജെപി ഭരണത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വർധന

നവംബർ 20നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്. നവംബർ 23ന് ഫലം പ്രഖ്യാപിക്കും.

SCROLL FOR NEXT