മഹാരാഷ്ട്രയിലെ തകർന്നുപോയ ഛത്രപതി ശിവജി പ്രതിമ ബിജെപി- ശിവസേന സർക്കാറിന് ഒരു പാഠമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഛത്രപതി ശിവജി അന്ന് പോരാടിക്കൊണ്ടിരുന്ന അതേ പ്രത്യയശാസ്ത്രത്തിനെതിരെയാണ് കോൺഗ്രസും ഇന്ന് പോരാടുന്നത്. ബിജെപി ഒരു ശിവജി പ്രതിമ പണിതു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് തകർന്ന് വീണു. ഇത് അവരുടെ ഉദ്ദേശം തെറ്റാണെന്ന് മനസിലാക്കിക്കൊടുത്തു. ശിവജിയുടെ പ്രതിമ പണിയണമെങ്കിൽ ആദ്യം ശിവജിയുടെ പ്രത്യയശാസ്ത്രം സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"അവർ രാം മന്തിറിൻ്റെയും പാർലമെൻ്റിൻ്റെയും ഉദ്ഘാടനത്തിന് ദളിത് വിഭാഗത്തിൽ നിന്നുള്ള പ്രസിഡൻ്റിനെ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇത് ഒരു രാഷ്ട്രീയ യുദ്ധമല്ല, എന്നാൽ, പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്. രാജ്യത്തെ ജനങ്ങളെ പേടിപ്പിച്ച്, ഭരണഘടനയെയും സ്ഥാപനങ്ങളെയും നശിപ്പിച്ച്, ശിവജിയുടെ മുന്നിൽ പോയി പ്രാർഥിച്ചിട്ട് കാര്യമില്ല" രാഹുൽ പറഞ്ഞു. ഒരു പൊതു പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
ALSO READ: ഒരു കൊല്ലം തികയ്ക്കാതെ താഴേക്ക്; കഴിഞ്ഞ വർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകർന്നുവീണു
2023ലെ നേവി ദിനത്തോടനുബന്ധിച്ച് ഡിസംബർ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. സിന്ധുദുർഗ് ജില്ലയിൽ സ്ഥാപിച്ച 35 അടിയോളം വലിപ്പമുള്ള ശിവജിയുടെ പ്രതിമ ഒരു കൊല്ലം തികയുന്നതിന് മുൻപ് ഓഗസ്റ്റിൽ തകർന്നു വീഴുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം, പ്രതിമയുടെ ശില്പിയായ ജയ്ദീപ് ആപ്തെയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചത്.