ബിജെപി നേതാവിൻ്റെ ഭാര്യയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാജ്യസഭ എംപിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവുത്ത് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കേസിൽ സഞ്ജയ് റാവുത്തിന് മുംബൈ മെട്രോപോളിറ്റൻ കോടതി 15 ദിവസം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു.
ബിജെപി നേതാവായ കിരിത് സോമയ്യയുടെ ഭാര്യ ഡോ. മേധ കിരിത് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റാവുത്തിനെതിരെ വിധി വന്നിരിക്കുന്നത്. മുംബൈ മീരാ ബയന്താറിലെ പൊതുശൗചാലയ നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ടുണ്ടായ 100 കോടി രൂപയുടെ അഴിമതിക്കേസിൽ കിരിത് സോമയ്യയ്ക്കും ഭാര്യയ്ക്കും പങ്കുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചു, പൊതുസമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയാണ് സഞ്ജയ് റാവുത്തിനെതിരെ ഡോ. മേധ കിരിത് സോമയ്യ പരാതി സമർപ്പിച്ചത്.
സഞ്ജയ് റാവുത്ത് പത്രങ്ങളിലും, ടിവിയിലും ഡോ. മേധ കിരിത് സോമയ്യയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിൻ്റെ തെളിവുകൾ മേധ കോടതിയിൽ സമർപ്പിച്ചു.