ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോംകമിംഗ് പരേഡിന് ശേഷം നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരിൽ മൂന്നു കുട്ടികൾ ഉൾപ്പെടുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ജെഫേഴ്സൺ സ്ട്രീറ്റിലെ ക്യാമ്പസിനു പുറത്ത് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ 24 കാരനാണ് കൊല്ലപ്പെട്ടതെന്നും അയാൾ വിദ്യാർഥിയാണോ എന്ന് വ്യക്തമല്ലെന്നും പൊലീസ് വക്താവ് ഡോൺ ആരോൺ മാധ്യമങ്ങളോട് പറഞ്ഞു. വെടിയേറ്റ കുട്ടികളിൽ ഒരാൾ 12 കാരനും മറ്റു രണ്ടുപേർ 14 കാരനുമാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. യൂണിവേഴ്സിറ്റിക്കു സമീപം ചേരിതിരിഞ്ഞ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നെന്നും പൊലീസ് വക്താവ് പറഞ്ഞു.
ALSO READ: എട്ട് ദിവസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 200 പേർ; ദക്ഷിണ ലബനനിലെ 25 ഗ്രാമങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവ്
അന്വേഷണത്തിൽ പ്രദേശത്തുനിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂളിൻ്റെ ഹോംകമിംഗ് ഫുട്ബോൾ ഗെയിം നടക്കുന്ന നിസാൻ സ്റ്റേഡിയത്തിനുള്ളിലും വെടിവെപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.