യുഎസിലെ ടെക്സാസിൽ സൂപ്പർ മാർക്കറ്റിലുണ്ടായ മോഷണത്തിനിടെ 32 കാരനായ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശിലെ ബപട്‌ല സ്വദേശിയായ ദാസരി ഗോപീകൃഷ്ണയാണ് മരണപ്പെട്ടത്. ഏകദേശം എട്ടു മാസം മുമ്പ് യു എസിൽ എത്തിയ ഗോപീകൃഷ്ണ സൂപ്പർമാർക്കറ്റിലെ ജോലിക്കാരനായിരുന്നു . ഗോപീകൃഷ്ണൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കോൺസുൽ ജനറൽ ഡിസി മഞ്ജുനാഥ് അർക്കൻസസിലെ വെടിവെയ്പ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു .
ഇന്ത്യൻ അസോസിയേഷനുകളുടെ പിന്തുണയോടെ പോസ്റ്റ് മോർട്ടവും മരണ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയുള്ള പ്രദേശിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗോപീകൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ സഹായവും ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു.
മോഷണത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.