വെടിയേറ്റതിനു ശേഷമുള്ള ചിത്രം 
NEWSROOM

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്; അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

റാലിയില്‍ ട്രംപ് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വലതു ചെവിയുടെ ഭാഗത്ത് വെടിയേല്‍ക്കുന്നതും രക്തം വരുന്നതുമായുള്ള വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച്ച നടന്ന റാലിക്കിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റാലിയില്‍ ട്രംപ് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വലതു ചെവിയുടെ ഭാഗത്ത് വെടിയേല്‍ക്കുന്നതും രക്തം വരുന്നതുമായുള്ള വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിന് രക്ഷാകവചമൊരുക്കി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിയൊച്ച ഉയര്‍ന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൃത്യസമയത്തു തന്നെ ഇടപെടല്‍ നടത്തിയ നിയമപാലകര്‍ക്ക് ട്രംപ് നന്ദി രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു.

അതേസമയം, ട്രംപിനു നേരെ വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്നയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.






SCROLL FOR NEXT