NEWSROOM

ക്ഷാമം ഉടൻ പരിഹരിക്കും, കേന്ദ്രം നൽകാനുള്ളത് 800 കോടിയോളം രൂപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിയിൽ ആരോഗ്യമന്ത്രി

കാരുണ്യ പദ്ധതി വഴി മരുന്നുകൾ ലഭ്യമാക്കും. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കാരുണ്യ പദ്ധതി വഴി മരുന്നുകൾ ലഭ്യമാക്കും. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"അധികമായി രോഗികൾ എത്തിയത് മൂലമുണ്ടായ ചിലവാണ് കൂടുതലായി ഉണ്ടായത്. കാരുണ്യ വഴി മരുന്നുകൾ ലഭ്യമാക്കും. കെഎംസിഎൽ ലഭ്യമാകുന്ന മരുന്നുകൾ എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം നൽകാനുള്ളത് 800 കോടിയോളം രൂപയാണ്. 2023 - 24ൽ കേന്ദ്രം ഒരു രൂപ പോലും നൽകിയില്ല. മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും" വീണ ജോർജ് പറഞ്ഞു.


വിതരണക്കാർക്കുള്ള കുടിശ്ശിക 90 കോടി രൂപയിൽ അധികമായതോടെ, ഈ മാസം 10 മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നു വിതരണം നിർത്തിവെച്ചത്. പ്രതിസന്ധി രൂക്ഷമയതോടെ മെഡിക്കൽ കോളേജ് അധികൃതർ വിതരണക്കാരെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, കുടിശ്ശികയിൽ 30 കോടിയെങ്കിലും നൽകാതെ മരുന്ന് വിതരണം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് വിതരണക്കാർ യോഗത്തെ അറിയിക്കുകയായിരുന്നു.

SCROLL FOR NEXT