NEWSROOM

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ വെടിവെപ്പ്; 129 പേർ കൊല്ലപ്പെട്ടു, 59 ലധികം പേർക്ക് പരുക്ക്

കോംഗോ ആഭ്യന്തര മന്ത്രി ഷബാനി ലുക്കൂ സമൂഹമാധ്യമമായ 'എക്സി'ലൂടെയാണ് വിവരം പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്


മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 പേർ കൊല്ലപ്പെട്ടതായും, 59 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ തടവുകാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. കോംഗോ ആഭ്യന്തര മന്ത്രി ഷബാനി ലുക്കൂ സമൂഹമാധ്യമമായ 'എക്സി'ലൂടെയാണ് വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് രാജ്യം കണ്ട ഏറ്റവും വലിയ ജയില്‍ചാട്ട ശ്രമങ്ങളിലൊന്ന് അരങ്ങേറിയത്.

24 പേർ സുരക്ഷാസേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ബാക്കിയുള്ളവർ മരിച്ചത് എന്നും അധികൃതർ പറയുന്നു. മുന്നറിയിപ്പ് നല്‍കിയാണ് വെടിയുതിർത്തതെന്നാണ് കോംഗോ അധികൃതരുടെ വിശദീകരണം.

ALSO READ: ആ ഐതിഹാസിക ഇരുമ്പഴി തകരുന്നു; ദ്രവിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിക്കിൻ്റെ പുതിയ ചിത്രങ്ങൾ പുറത്ത്

വെടിവെപ്പിനിടെ തടവുകാരെ പാർപ്പിച്ചിരുന്ന ആശുപത്രി കെട്ടിടത്തിലുള്‍പ്പടെ തീപിടുത്തമുണ്ടായി. പുലർച്ചെ, ഒരു മണി മുതല്‍ അഞ്ചുമണി വരെ വെടിവെപ്പ് നീണ്ടതായാണ് സമീപവാസികളുടെ മൊഴി. സംഭവത്തിന് പിന്നാലെ ആദ്യം നടത്തിയ പ്രസ്താവനയിൽ രണ്ട് മരണം മാത്രമാണ് സർക്കാർ സ്ഥിരീകരിച്ചത്. എന്നാല്‍ കൂട്ടക്കൊല നടന്നെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. തടവുകാർ പലരും രക്ഷപ്പെട്ടതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

1500 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ജയിലില്‍ നിലവില്‍ 15,000 തടവുകാരാണുള്ളത്. ഇതോടെ തിങ്ങിഞ്ഞെരുങ്ങിയ ജയിലില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ തടവുകാരെ മോചിപ്പിച്ചാണ് അധികൃതർ തിരക്ക് നിയന്ത്രിച്ചിരുന്നത്. 2007 ല്‍ സായുധ സംഘത്തിന്‍റെ ആക്രമണത്തെ തുടർന്ന് ഒറ്റരാത്രി, നാലായിരത്തോളം തടവുകാർ ജയില്‍ ചാടിയതടക്കമുള്ള സംഭവങ്ങള്‍ മകാല ജയിലില്‍ മുന്‍പുണ്ടായിട്ടുണ്ട്.

SCROLL FOR NEXT