NEWSROOM

'വെള്ളാപ്പള്ളി നവോത്ഥാന സമിതി അധ്യക്ഷസ്ഥാനത്ത് തുടരാൻ പാടില്ല'; കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിനെ ഒരു ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫെഡറേഷൻ

Author : ന്യൂസ് ഡെസ്ക്

വെള്ളാപ്പള്ളി നടേശന്റെ പ്രീണന പരാമര്‍ശത്തിനെതിരെ കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ രംഗത്തെത്തി. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സംയുക്ത യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രീണന പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. നവോത്ഥാന സമിതി അധ്യക്ഷസ്ഥാനത്ത് വെള്ളാപ്പള്ളി തുടരാന്‍ പാടില്ലെന്നും നവോത്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

സമുദായ നേതാക്കള്‍ സമുദായങ്ങളുടെ ഇടയില്‍ ഭിന്നിപ്പും ശത്രുതയും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയാണ്. സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നേതാക്കള്‍ ചെയ്യേണ്ടത്. മുസ്ലീം സമുദായം അനര്‍ഹമായ എന്തോ നേടുന്നു എന്ന് ചില നേതാക്കള്‍ പറയുന്നു. സച്ചാര്‍ കമ്മിറ്റിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ന്യൂനപക്ഷത്തിന് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇതു സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ ഗവണ്‍മെന്റ് പുറത്തു വിടണം. അനാവശ്യ പ്രസ്താവനകളിലേക്ക് ആരും കടക്കരുതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തിനെ ഒരു ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തില്‍ നിന്ന് വെള്ളാപ്പള്ളി ഒഴിയണമെന്നും ജമാഅത്ത് ഫെഡറേഷന്‍ നേതാക്കള്‍ സമിതിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇടതു-വലതു പക്ഷങ്ങളുടെ മുസ്ലീം പ്രീണനത്തെകുറിച്ച് പരാമര്‍ശിച്ചത്. ഇടതു-വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്നും മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT