NEWSROOM

മുഡ ഭൂമിയിടപാട് കേസ്; ഭൂമി തിരികെ നൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

ഭൂമി കുംഭകോണ കേസിൽ വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

മുഡ ഭൂമിയിടപാട് കേസിൽ പരാമർശിക്കുന്ന ഭൂമി മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് തിരികെ നല്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി. മുഡ ഇടപാടിൽ ഇ ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം അറിയിക്കുന്നത്.

സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതോടെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഇ ഡി കണ്ടുകെട്ടുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്ന്  കേസരെ വില്ലേജിലെ 3.16 ഏക്കർ ഭൂമിക്ക്  പകരമായി വിജയനഗർ ഫേസ് 3, 4 എന്നിവയിൽ തനിക്ക് അനുവദിച്ച 14 പ്ലോട്ടുകൾ തിരികെ നൽകാമെന്ന് പാർവതി വാഗ്ദാനം ചെയ്തു.

ഭൂമി കുംഭകോണ കേസിൽ വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഡിസംബര്‍ 24-നുള്ളിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത.


അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ 'ഞാൻ പോരാടും. ഒന്നിനെയും എനിക്ക് ഭയമില്ല. അന്വേഷണം നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും' സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT