NEWSROOM

സിദ്ധാർത്ഥന്‍റെ മരണം: വെറ്ററിനറി കോളേജ് ഡീനിനെയും വാർഡനേയും സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവർണർ

ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്‍റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസിസ്റ്റന്‍റ് വാർഡനേയും സർവീസിൽ തിരിച്ചെടുക്കാനുള്ള വെറ്ററിനറി സർവകലാശാല മാനേജ്മെൻറ് കൗൺസിൽ തീരുമാനം തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്ക് ഇരുവര്‍ക്കും നിയമനം നല്‍കാനായിരുന്നു തീരുമാനം.  വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തെ തുടർന്നാണ് ഡീന്‍ എം.കെ. നാരായണനെയും അസിസ്റ്റന്‍റ് വാര്‍ഡന്‍ ഡോ കാന്തനാഥിനെയും സസ്പെന്‍ഡ് ചെയ്തത്.

ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്‍റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. റിപ്പോർട്ട്‌ നിലനിൽക്കേ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ  മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.  യൂണിവേഴ്സിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന്  സിദ്ധാർത്ഥന്‍റെ മാതാപിതാക്കളും, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

Also Read: ഫോൺ ചോർത്തൽ വിവാദം: രണ്ട് ദിവസം കൂടി നോക്കും, ശേഷം സ്വന്തം നിലയ്ക്ക് നടപടിയെന്ന് ഗവർണർ


പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

SCROLL FOR NEXT