NEWSROOM

സിദ്ധാര്‍ത്ഥന്‍റെ മരണം: പ്രതികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി

പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്‍റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിർദേശവും നല്‍കി

Author : ന്യൂസ് ഡെസ്ക്

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.
വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്‍റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിർദേശവും നല്‍കി.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ ഹൈക്കോടതി നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. വിദ്യാർഥികള്‍ക്കെതിരെ നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വീകരിച്ച നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനെയും അസിസ്റ്റന്‍റ് വാർഡനേയും സർവീസിൽ തിരിച്ചെടുക്കാന്‍ വെറ്ററിനറി സർവകലാശാല മാനേജ്മെൻറ് കൗൺസിൽ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു. പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്ക് ഇരുവര്‍ക്കും നിയമനം നല്‍കാനായിരുന്നു തീരുമാനം.

Also Read: എഡിഎമ്മിന്റെ മരണം: സിബിഐ അന്വേഷണത്തിൽ സർക്കാർ ഔദ്യോഗിക നിലപാടറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ

പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ക്യാമ്പസിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർത്ഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

SCROLL FOR NEXT