യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദീഖിന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെ നടന്‍റെ വസതിക്ക് മുന്നില്‍ മധുര വിതരണവുമായി നാട്ടുകാര്‍. വാഹനങ്ങൾ തടഞ്ഞു നിർത്തി ഗതാഗത തടസം ഉണ്ടാക്കിയാണ് മധുരം നൽകിയത്. അതേസമയം സിദ്ദീഖിന്‍റെ പടമുകളിലെ വീട് അടഞ്ഞു തന്നെ കിടക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി സിദ്ദീഖിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചതിനു ശേഷം കുടുംബാംഗങ്ങൾ പടമുകളിലെ വീട്ടിലേക്കു എത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം സിദ്ദീഖിനെ തേടി പ്രത്യേക അന്വേഷണ സംഘം ഇവിടെ എത്തിയിരുന്നു.
സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല.എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് നടന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ സിദ്ദീഖിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2016-ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് അതിജീവിതയുടെ പരാതി.