NEWSROOM

ഇനി നിയമയുദ്ധം ! സിദ്ദീഖിനെതിരെ തടസഹര്‍ജിയുമായി സര്‍ക്കാരും; മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയിലേക്ക്

ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് സിദ്ദീഖിനെതിരെ കേസ് എടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ കാണാമറയത്താണ് നടന്‍ സിദ്ദീഖ്. ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പ്രകാരം ഇപ്പോഴും നടന്‍ കൊച്ചിയിലുണ്ട്. ഒളിവിലാണെങ്കിലും അണിയറയില്‍ വലിയൊരു നിയമപോരട്ടത്തിനുള്ള കരുനീക്കങ്ങളും സജീവമാണ്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് നടന്‍റെ നീക്കം. ഇന്നോ നാളെയോ അപ്പീല്‍ നല്‍കാനാണ് സാധ്യത. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ അതിജീവിതയും സര്‍ക്കാരും തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

മുൻ‌കൂർ ജാമ്യഹർജിയിൽ സിദ്ദീഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ഹാജരാവുക. സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. രഞ്ജിത്ത് കുമാറും അതിജീവിതയ്ക്കായി അഡ്വ. ഇന്ദിര ജയ് സിങ്ങും കോടതിയിലെത്തും.

ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് സിദ്ദീഖിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ച സാഹചര്യത്തില്‍ സിദ്ദീഖിനെ അറസ്റ്റ് ചെയ്യുക എന്നത് തന്നെയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രതിയെ പിടികൂടി ചോദ്യം ചെയ്യേണ്ടത് കേസിൻ്റെ മുന്നോട്ടുപോക്കിൽ നിർണായകമാണ്. കേസിലെ പ്രധാനപ്പെട്ട ഇലക്ട്രോണിക് തെളിവായ ഫേസ്ബുക്ക് അക്കൗണ്ട് സിദ്ദീഖ് ഇതിനകം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. സിദ്ദീഖ് ഒളിവിൽ കഴിയുന്ന ഓരോ മിനിട്ടും കേസ് ദുർബലമാകാനുള്ള സാധ്യത ഏറുകയാണ്. അതിന് സഹായിക്കുന്ന തരത്തില്‍ കേരള പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

SCROLL FOR NEXT