NEWSROOM

ജാമ്യവ്യവസ്ഥയിൽ ഇളവ് വേണം; സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയില്‍

ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വാദം  കേൾക്കും. ഹത്രസ് ഗൂഢാലോചന കേസിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉത്തർപ്രദേശിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. ഇതിൽ ഇളവ് തേടിയാണ് സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെയും ഹർജി  നൽകിയിട്ടുണ്ട്.  

ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിലായിരുന്നു അറസ്റ്റ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ സുപ്രീ കോടതി 2022 സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതി 2022 ഡിസംബർ 23 നും ജാമ്യം നൽകിയിരുന്നു. ഇതോടെയാണ് കാപ്പൻ ജയിൽ മോചിതനായത്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ആളാണെന്നും കലാപം സൃഷ്ടിക്കാനാണ് കാപ്പനും ഒപ്പം ഉണ്ടായിരുന്നവരും ഹത്രസിലേക്ക് പോയതെന്നുമായിരുന്നു പൊലീസിൻ്റെ വാദം. കാപ്പൻ്റെ അക്കൗണ്ടിലേക്കെത്തിയ 4500 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ലെന്ന് കാട്ടിയാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

ഡൽഹിയിലെ ജംഗ്‌പുര പൊലീസ് സ്റ്റേഷന്‍ പരിധിയിൽ തന്നെ തുടരണം എന്നാണ് ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്. വിചാരണക്കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആദ്യത്തെ ആറാഴ്ച ഉത്തർപ്രദേശിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ശേഷം കേരളത്തിലേക്ക് തിരിച്ചുപോകാം. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, നേരിട്ടോ അഭിഭാഷകൻ മുഖേനയോ എല്ലാ ദിവസവും വിചാരണക്കോടതിയിൽ ഹാജരാകണം, കേസുമായി ബന്ധപ്പെട്ട് ആരുമായും ബന്ധപ്പെടരുത്, ലഭിച്ചിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്, പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

SCROLL FOR NEXT