ആർഎസ്എസ് വിരുദ്ധ പ്രസ്താവനകളിൽ വി.ഡി. സതീശനെ വിമർശിച്ച് മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സതീശന് ആർഎസ്എസിനോട് അയിത്തം തോന്നിത്തുടങ്ങിയത് എന്നു മുതലാണെന്ന് മുരളീധരന്‍ ചോദിച്ചു. എഡിജിപി- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയെ സംബന്ധിക്കുന്ന സതീശന്‍റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരന്‍.
2006ലും 2013ലും സതീശൻ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിരുന്നു. ഗോൾവാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ച ആളാണ് വി.ഡി. സതീശന്‍. ആർഎസ്എസിനെ കുറിച്ച് അറിയുന്നവരാരും സതീശൻ പറയും പോലെ വിവരക്കേട് പറയില്ല. ഹിന്ദുക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന് സതീശൻ ആർഎസ്എസിനെയും ബിജെപിയെയും പഠിപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
ALSO READ: പി.വി. അൻവറിൻ്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ നടപടിയെടുക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എഡിജിപി
തൃശൂരിലെ വോട്ടർമാരെ നിരന്തരം അവഹേളിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് ദിവസങ്ങളായി സ്വീകരിക്കുന്നത്. പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്നാണ് സതീശൻ പറയുന്നത്. വടകരയിൽ മത്സരിക്കാൻ ധൈര്യമില്ലാതിരുന്ന കെ. മുരളീധരൻ തൃശൂരില്‍ വന്ന് തോൽക്കുകയായിരുന്നു. 620 ബൂത്തുകളിലെ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് മുരളീധരൻ പാർട്ടി അന്വേഷണ കമ്മീഷനോട് പറഞ്ഞത്.
സ്വന്തം ബൂത്തിൽ പോലും സുനിൽ കുമാറിന് ലീഡില്ലായിരുന്നു. ദേശീയ നേതാക്കൾ പ്രചരണത്തിന് എത്തിയില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകർ തന്നെ ഈ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കെ. മുരളീധരൻ തന്നെ ഗൂഢാലോചന നടന്നുവെന്ന് പരസ്യമായി ആരോപിച്ചിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അന്നൊന്നും മുരളീധരൻ പൂരം കലക്കൽ സിദ്ധാന്തം പറഞ്ഞിരുന്നില്ല. ഇപ്പോൾ ആരോപണങ്ങള്‍ ഉയർത്തുന്നത് സതീശൻ്റെ തന്ത്രമാണ്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണിതെന്നും മുരളീധരന്‍ പറഞ്ഞു.
പി.വി. അന്‍വർ വിവാദങ്ങളിലും മുന്‍ കേന്ദ്രമന്ത്രി പ്രതികരിച്ചു. അന്‍വർ ഫോൺ ചോർത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വർണക്കടത്ത്, കസ്റ്റഡി കൊലപാതകം തുടങ്ങിയവയെ കുറിച്ച് സതീശന് മിണ്ടാട്ടമില്ല. പാർലമെൻ്റിൽ പെഗാസസ്സിൻ്റെ പേരിൽ ബഹളമുണ്ടാക്കിയവർക്ക് കേരളത്തിലെ കാര്യങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. പിണറായി വിജയനെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് സതീശൻ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.
പൂരം കലക്കിയതിനെ കുറിച്ച് സംസ്ഥാന സർക്കാർ നടത്തിയ റിപ്പോർട്ട് പുറത്ത് വിടണം. അപ്പോൾ വസ്തുതകൾ പുറത്ത് വരും. എഡിജിപി എം.ആർ. അജിത് കുമാറിനെ സന്ദേശവാഹകനാക്കി പറഞ്ഞുവിട്ടോയെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയും, എഡിജിപിയും ആർഎസ്എസുമാണെന്ന് മുരളീധരന്‍ പറഞ്ഞു.
പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ മുഖ്യമന്ത്രി ബിജെപിയെ വിജയിപ്പിക്കുകയായിരുന്നു എന്നാണ് സതീശന്‍ ആരോപിച്ചത്. 2023 മെയ് 20-22 തീയതിയില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപില്‍ വെച്ചാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. പൂരത്തിൽ പൊലീസ് കമ്മീഷണർ അഴിഞ്ഞാടി എന്നായിരുന്നു സിപിഎം വിശദീകരണം. ആ സമയത്ത് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സതീശന്‍ ചോദിച്ചു. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് അജിത് കുമാര്‍ സ്ഥിരീകരിച്ചിരുന്നു.
അജിത് കുമാർ രണ്ട് ആർഎസ്എസ് നേതാക്കളെ തൊട്ടടുത്ത ആഴ്ചകളിലാണ് കണ്ടത്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കണ്ടത് 2023 മെയ് 22 നും രാം മാധവുമായുള്ള കൂടിക്കാഴ്ച 2023 ജൂൺ രണ്ടിനുമാണ്. ദത്താത്രേയയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ച വിദ്യാമന്ദിറിലെ ക്യാംപ് വേദിയിലെ മുറിയിലായിരുന്നു. റാം മാധവിനെ കണ്ടത് കോവളത്തുവെച്ചും. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ എഡിജിപിയുടെ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.