NEWSROOM

നിർഭയ സംഭവത്തേക്കാൾ ഭീകരം; അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണം; കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ കെ.എസ് ചിത്ര

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിത്രയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക കെ.എസ്. ചിത്ര. ഡല്‍ഹയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമാണ് കൊല്‍ക്കത്തയില്‍ നടന്നിരിക്കുന്നത്. ഓരോ ഇന്ത്യാക്കാരനും ലജ്ജിച്ച് മുഖം മറയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടു.

'കൊൽക്കത്തയിലെ ആർ ജി കർ ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം. അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുന്നു.  പെൺകുട്ടിയുടെ ആത്മാവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു'- ചിത്ര കുറിച്ചു.

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ അടക്കം വിവിധ മേഖലകളിലുള്ളവർ പ്രതിഷേധിക്കുന്നുണ്ട്.

SCROLL FOR NEXT