NEWSROOM

ഐ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭൂമി കയ്യേറ്റ പരാതിയുമായി ഗായകന്‍ ലക്കി അലി

ഭൂമി കയ്യേറാനായി രോഹിണി സിന്ദൂരി ഐ.എ.എസ് നിയമപരമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കര്‍ണാടകയിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി തന്‍റെ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന ആരോപണവുമായി പ്രമുഖ ഗായകന്‍ ലക്കി അലി.

കെഞ്ചനഹള്ളിയിലെ യെലഹങ്കയിലുള്ള തന്‍റെ ഭൂമി കയ്യേറാനായി രോഹിണി നിയമപരമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കര്‍ണാടക ലോകായുക്ത പോലീസിന് നല്‍കിയ പരാതിയില്‍ ലക്കി അലി പറയുന്നത്.

സിന്ദൂരിയും ഭര്‍ത്താവ് സുധീര്‍ റെഡ്ഡിയും ഭര്‍ത്തൃ സഹോദരന്‍ മധുസൂധന്‍ റെഡ്ഡിയും വലിയതോതില്‍ പണം വാങ്ങി നിയമവിരുദ്ധമായി ഭൂമി കയ്യേറുന്നുവെന്ന് അലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിക്കുകയും ചെയ്തു. ലോകായുക്ത ആക്ട്, 1984 ലെ സെക്ഷന്‍ ഏഴ് പ്രകാരം ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍ ഭരണപരമായ കെടുകാര്യസ്ഥതയും കൃത്യവിലോപവും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

അലിയുടെ കുടുംബ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന നിരവധി തര്‍ക്കങ്ങളില്‍ ഏറ്റവും പുതിയതാണ് രോഹിണിക്കെതിരെയുള്ള കേസ്. 2022 ഡിസംബറില്‍ കര്‍ണാടക ഡി.ജി.പിയെ അഭിസംബോധന ചെയ്ത് ലക്കി അലി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതോടെയാണ് വിഷയം പുറം ലോകം അറിയുന്നത്. ബാംഗ്ലൂരിലെ ഭൂമാഫിയയുമായി ബന്ധങ്ങള്‍ ആരോപിക്കപ്പെടുന്ന റെഡ്ഡികളും അവരെ പിന്താങ്ങുന്ന രോഹിണി സിന്ദൂരിയും ചേര്‍ന്ന് ഭൂമി അനധികൃതമായി കയ്യേറുന്നുവെന്നായിരുന്നു അന്ന് അലി ആരോപിച്ചത്.

50 വര്‍ഷമായി തന്‍റെ കുടുംബത്തിന്‍റെ പേരിലുള്ള ഭൂമിയാണിതെന്നാണ് അലിയുടെ അവകാശവാദം. ലോക്കല്‍ പൊലീസില്‍ നിന്നും തനിക്ക് സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന പരാതിയും അലി ഉന്നയിച്ചിരുന്നു.

വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെ ഔദ്യോഗിക ജീവിതം. ഐ.പി.എസ് ഉദ്യോഗസ്ഥ ഡി രൂപ മൗഡ്ഗില്ലുമായുള്ള സിന്ദൂരിയുടെ പ്രശ്‌നങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മൗഡ്ഗില്‍ സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തിയതാണ് നിയമയുദ്ധത്തിന് കാരണമായത്. ഇരുവരേയും കര്‍ണാടക സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നു. ആരോപണങ്ങളോടുള്ള പ്രതികരണമായി മൗഡ്ഗില്ലിനെതിരെ സിന്ദൂരി അപകീര്‍ത്തിക്കേസ് കൊടുത്തിരുന്നു.

SCROLL FOR NEXT