NEWSROOM

ലൈംഗീകാതിക്രമ പരാതി; എന്ത് നടപടി സ്വീകരിച്ചു, എസ്ഐടി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

എന്തൊക്കെയാണ് അന്വേഷിക്കേണ്ടത് എന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കാത്തത് പ്രത്യേക അന്വേഷണ സംഘത്തിനും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്


സിനിമാ മേഖലയിലയിൽ നിന്നുള്ള ലൈംഗീകാതിക്രമ ആരോപണ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ച് എസ്ഐടി സർക്കാരിന് റിപ്പോർട്ടും സമർപ്പിക്കും. അന്വേഷണ വിഷയങ്ങൾ അടക്കം വ്യക്തമാക്കി എസ്ഐടി എന്തൊക്കെയാണ് അന്വേഷിക്കേണ്ടത് എന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കാത്തത് പ്രത്യേക അന്വേഷണ സംഘത്തിനും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നാണ് വിവരം.

നിലവിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിലേക്ക് എസ്ഐടി അന്വേഷണം ചെന്ന് എത്താത്തതും സർക്കാർ നിർദേശപ്രകാരമാണെന്നാണ് സൂചന. ഹൈക്കോടതി വിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണമായ റിപ്പോർട്ടു ലഭിച്ചശേഷം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള സാധ്യതയും ഉയർന്നു വരികയാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം  ഉത്തരവിട്ടിരുന്നു. അതിനുശേഷം മാത്രമേ മുദ്രവെച്ച കവര്‍ തങ്ങള്‍ തുറക്കുകയുള്ളൂ എന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ എന്നും കോടതി ചോദിച്ചു.



സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന കോടതിയുടെ ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. അതിന് പിന്നാലെ എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി. അറിയിച്ചു.


SCROLL FOR NEXT