സീതാറാം യെച്ചൂരി 
NEWSROOM

കമ്യൂണിസ്റ്റ് വിരുദ്ധർക്ക് പോലും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയുടേത്; അനുശോചനവുമായി ഇടത് നേതാക്കൾ

അടിയന്തരാവസ്ഥക്കാലത്തെ സമരങ്ങളിലൂടെ ജന നേതാവായി ഉയർന്നു വന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം.

Author : ന്യൂസ് ഡെസ്ക്

മന്ത്രി പി.രാജീവ്

കമ്യൂണിസ്റ്റ് വിരുദ്ധർക്ക് പോലും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് മന്ത്രി പി.രാജീവ്. അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം ദുഖകരമാണെന്നും തിരിച്ച് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും പി.രാജീവ് പറഞ്ഞു. യെച്ചൂരി ഊർജ്വസ്വലനായ നേതാവായിരുന്നു. അദ്ദേഹവുമായി അഗാധമായ അടുപ്പവുമുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിൽ പ്രധാന നേതാവായിരുന്നു സിതാറാം യെച്ചൂരിയെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മറ്റു പരിപാടികൾ റദ്ദാക്കി.

മന്ത്രി വി. ശിവൻകുട്ടി

ദാർശനിക വ്യക്തതയോടെ, ബഹുജന പ്രസ്ഥാനങ്ങൾക്കായി ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മന്ത്രി വി.ശിവൻകുട്ടി. അടിയന്തരാവസ്ഥക്കാലത്തെ സമരങ്ങളിലൂടെ ജന നേതാവായി ഉയർന്നു വന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് തന്നെയും ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സിപിഐഎമ്മിനും വലിയ നഷ്ടമാണ് ഉണ്ടായത്. വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അത്ര അടുത്ത ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നുവെന്നും വി.ശിവൻകുട്ടി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ്

മതനിരപേക്ഷത രാജ്യത്ത് നിലനിൽക്കാൻ വേണ്ടിയുള്ള ചെറുത്തുനിൽപ്പാണ് യെച്ചൂരിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തരാവസ്ഥ കാലത്ത് പ്രതിരോധത്തിന്റെ തീയിൽ കുരുത്തയാളാണ് അദ്ദേഹം. ഡിവൈഎഫ്ഐയുടെ പ്രവർത്തന സമയത്തുള്ള സമയം യെച്ചൂരിയുടെ പല പ്രസംഗത്തിന്റെയും പരിഭാഷകനാണ് താൻ. താൻ സ്ഥാനാർത്ഥിയായിരുന്നപ്പോൾ യെച്ചൂരി വോട്ട് അഭ്യർത്ഥിച്ചു വന്നിരുന്നു.

കഴിഞ്ഞ പെരുന്നാളിന് യെച്ചൂരി തന്റെ കൂടെയിരുന്ന് ബിരിയാണി കഴിച്ച് പെരുന്നാളിന്റെ സ്നേഹം പങ്കിട്ടാണ് മടങ്ങിയത്. യുവാക്കളുമായി ഏറെ ബന്ധം സൂക്ഷിച്ച നേതാവാണ് സീതാറാം യെച്ചൂരി. ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വം

കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസരിപ്പാർന്ന മുഖമായിരുന്നു യച്ചൂരിയെന്ന് ബിനോയ് വിശ്വം. അദ്ദേഹം ഇന്ത്യാ സഖ്യത്തിൽ ഇടതുപക്ഷ സംഘടനകളെ ഒന്നിച്ചുനിർത്തി. രാഷ്ട്രീയ വിഷയങ്ങളിൽ സംയമനത്തോടെ അഭിപ്രായ രൂപീകരണം നടത്തിയ നേതാവ്. ദശാബ്ദങ്ങളോളം ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്നും ബിനോയ് വിശ്വം പറഞ്ഞു.

SCROLL FOR NEXT