NEWSROOM

സീതാറാം യെച്ചൂരി; ഇന്ത്യൻ രാഷ്ട്രീയത്തിലെ സുതാര്യതയുടെ മുഖം

പാർട്ടിയിൽ അത്യുന്നതമായ പദവിയിൽ എത്തിയിട്ടും ഒരു ഇരുമ്പുമറയും യെച്ചൂരിക്ക് ഉണ്ടായിരുന്നില്ല

Author : ന്യൂസ് ഡെസ്ക്



പരമ്പരാഗത വഴിയിൽ നീങ്ങിയിരുന്നെങ്കിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജോലിയിൽ എത്തേണ്ടയാളായിരുന്നു സീതാറാം യെച്ചൂരി. പഠിച്ച ക്ലാസുകളിലെല്ലാം നേടിയ ഒന്നാം റാങ്ക് രാഷ്ട്രീയത്തിലെ ധാർമികതയിലും നിലനിർത്തിയാണ് ഈ മടക്കം. ജീവിതജാലകങ്ങളെല്ലാം തുറന്നിട്ട് ഏറ്റവും സുതാര്യമായ ജീവിതം നയിച്ച കമ്യൂണിസ്റ്റാണ് വിടവാങ്ങിയത്.

സിബിഎസ്ഇ അഖിലേന്ത്യാ പരീക്ഷയിലെ ഒന്നാം റാങ്കുകാരൊക്കെ സിവിൽ സർവീസിൽ എത്തിയാണ് പ്രധാനമന്ത്രിമാരുടെ മുന്നിൽ നിന്നിട്ടുള്ളത്. എന്നാൽ ഈ സിബിഎസ്ഇ അഖിലേന്ത്യാ ഒന്നാം റാങ്കുകാരൻ സമരം ചെയ്താണ് ഇന്ദിരാഗാന്ധിയെ മുന്നിലെത്തിച്ചത്. വീട്ടിൽ നിന്നു വിളിച്ചിറക്കി ഈ പ്രസ്താവന വായിക്കുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷനാണ്. എങ്ങിനെയും തോൽപ്പിക്കാനായി ഒരു വർഷം മൂന്നു തെരഞ്ഞെടുപ്പു നടത്തിയിട്ടും മൂന്നിലും ജയിച്ചുവന്ന സീതാറാം യെച്ചൂരി.

തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരാഗാന്ധി ജെഎൻയു വൈസ് ചാൻസലർ പദവി ഒഴിയണം എന്ന പ്രമേയമാണ് യെച്ചൂരി വീട്ടിൽ നിന്നു വിളിച്ചിറക്കി വായിച്ചു കേൾപ്പിച്ചത്. അന്ന് വർഷം 1977. അടിയന്തരാവസ്ഥ പിൻവലിച്ചതിനു പിന്നാലെ. നിന്നുരുകേണ്ട ആ നിമിഷം പോലും വാത്സല്യത്തോടെ ഇന്ദിരാ ഗാന്ധിയെപ്പോലും നോക്കാൻ പ്രേരിപ്പിച്ച വ്യക്തിത്വം. അടിയന്തരാവസ്ഥയിലെ കാരാഗ്രഹത്തിൽ നിന്ന് ഇറങ്ങിവന്നാണ് ജെഎൻയുവിലെ യൂണിയൻ നേതാവായതും ഇന്ദിരയുടെ വീട്ടിലേക്കു മാർച്ച് നയിച്ചതും.

ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനിയർ ആയിരുന്നു പിതാവ് സർവേശ്വര സോമയാജലു യെച്ചൂരി. മാതാവ് കൽപകം യെച്ചൂരി സർക്കാർ ഉദോഗസ്ഥയും. എല്ലാം ക്ളാസിലും ഒന്നാമനായി ഹൈദരാബാദ് ഓൾ സെയ്ൻറസ് സ്കൂളിൽ മികവു കാട്ടിയ യെച്ചൂരിയെ പത്താംക്ലാസ് കഴിഞ്ഞപ്പോൾ അമ്മ നിർബന്ധിച്ചു ഡൽഹിക്ക് അയച്ചു. 1969ലെ തെലങ്കാന സമരം കത്തിക്കാളുമ്പോൾ മകൻ വഴിതെറ്റിപ്പോകാതിരിക്കാൻ ചെയ്ത നീക്കം.

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസിൽ ഒന്നാം റാങ്കോടെ ആ വിശ്വാസം കാത്ത യെച്ചൂരി ഡൽഹി സെയ്ൻറ് സ്റ്റീഫൻസിൽ ബി എ എക്കണോമിക്സ് ഓണേഴ്സിന് ആദ്യം പ്രവേശനം കിട്ടിയ വിദ്യാർഥിയായി. പിന്നെ ജെഎൻയുവിൽ എംഎ. അതോടെ ജീവിതം വഴിമാറി. 1974ൽ എസ്എഫ്ഐ, 75ൽ സിപിഐഎം അംഗത്വം. പിന്നെ അടിയന്തരാവസ്ഥയിലെ അറസ്റ്റ്. പുറത്തുവന്ന് പിഎച്ച്ഡി ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം.

സിപിഎമ്മിലെ ഏറ്റവും ചെറുപ്പക്കാരനായ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗത്തിൻറെ പിറവിയാണ് പിന്നീട് കണ്ടത്. 1985ൽ പ്രകാശ് കാരാട്ടിനും, എസ്. രാമചന്ദ്രൻ പിള്ളയ്ക്കും ഒപ്പം കേന്ദ്ര കമ്മിറ്റിയിൽ. 1992ൽ ഇതേ ആളുകൾക്കൊപ്പം പോളിറ്റ് ബ്യൂറോയിൽ. നാൽപതാം വയസ്സിലെ ആ പോളിറ്റ് ബ്യൂറോ പ്രവേശനം സിപിഎമ്മിൽ തിരുത്തപ്പെടാൻ സാധ്യതയില്ലാത്ത ചരിത്രമാണ്.

ALSO READ: സീതാറാം യെച്ചൂരി: ഇന്ത്യന്‍ കമ്യൂണിസത്തിലെ മെയിന്‍സ്ട്രീം- ലിബറല്‍- റാഡിക്കല്‍ കമ്യൂണിസ്റ്റ്

1996ൽ ഐക്യമുന്നണി സർക്കാരിനായി പി. ചിദംബരത്തിനൊപ്പം, 2004ൽ യുപിഎ സർക്കാരിനായി പ്രണബ് മുഖർജിക്കൊപ്പം. രാജ്യത്തിൻ്റെ തലവര മാറ്റിയ പ്രകടന പത്രികയും പൊതു മിനിമം പരിപാടിയും എഴുതിയത് യെച്ചൂരിയുടെ പേനയാണ്. മൂന്നുവട്ടം ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനെ തുടർന്ന് യെച്ചൂരി എത്തുമ്പോഴേക്കും പാർട്ടി ക്ഷീണിച്ചിരുന്നു. പക്ഷേ, ദേശീയ രാഷ്ട്രീയം ഏറ്റവും ശ്രദ്ധയോടെ കണ്ട സ്ഥാനാരോഹണം ആയിരുന്നു അത്.

സ്വന്തം നാടായ വിശാഖപട്ടണത്തു നടന്ന സമ്മേളനത്തിൽ 2015ൽ ജനറൽ സെക്രട്ടറി. ഇപ്പോഴത്തെ ഇന്ത്യ മുന്നണിയുടെ യോഗങ്ങളിൽ എല്ലാവരും കാതോർത്ത ശബ്ദം. രാഹുൽ ഗാന്ധി മുതൽ എം.കെ. സ്റ്റാലിൻ വരെ നിർണായക നിമിഷങ്ങളിൽ അഭിപ്രായം തേടിയിരുന്ന വ്യക്തിത്വം.

സ്വന്തം പഠനവും ലഭിക്കുമായിരുന്ന സാമ്പത്തിക നേട്ടങ്ങളും പദവികളുമെല്ലാം ഉപേക്ഷിച്ചാണ് സീതാറാം കമ്യൂണിസ്റ്റായത്. പാർട്ടിയിൽ അത്യുന്നതമായ പദവിയിൽ എത്തിയിട്ടും ഒരു ഇരുമ്പുമറയും യെച്ചൂരിക്ക് ഉണ്ടായിരുന്നില്ല. ഒന്നും ഒളിച്ചുവച്ചതുമില്ല. സീതാറാം എന്നാൽ സുതാര്യതയായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ കണ്ടെടുക്കാൻ ഇതുപോലെ അധികം ആളുകളില്ല.

SCROLL FOR NEXT