NEWSROOM

'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍, അഗാധമായ ദുഃഖം ' സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കമല്‍ഹാസന്‍

വിദ്യാര്‍ഥി നേതാവില്‍ നിന്ന് തികഞ്ഞ രാഷ്ട്രീയ നേതാവിലേക്കുള്ള യാത്രയില്‍ അദ്ദേഹം നമ്മൂടെ ദേശീയ രാഷ്ട്രയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചെന്ന് കമല്‍ഹാസന്‍ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. 'ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ സഖാവ് സീതാറാം യെച്ചൂരി ജിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. വിദ്യാര്‍ഥി നേതാവില്‍ നിന്ന് തികഞ്ഞ രാഷ്ട്രീയ നേതാവിലേക്കുള്ള യാത്രയില്‍ അദ്ദേഹം നമ്മൂടെ ദേശീയ രാഷ്ട്രയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എൻ്റെ അനുശോചനം അറിയിക്കുന്നു. സഖാവിന് വിട'- കമല്‍ഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. 

രാജ്യത്ത് ഇടതുപക്ഷത്തെ നയിച്ചതിനൊപ്പം, ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊണ്ട നേതാക്കളില്‍ മുന്നിലാണ് യെച്ചൂരിയുടെ സ്ഥാനം. കോണ്‍ഗ്രസിനൊപ്പം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിലും, കോണ്‍ഗ്രസ്, സിപിഐ, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കൊപ്പം ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോഴുമെല്ലാം യെച്ചൂരിയുടെ നിലപാടുകള്‍ നിര്‍ണായകമായി. സഖ്യചര്‍ച്ചകളിലും രൂപീകരണത്തിലുമെല്ലാം സിപിഎമ്മിന്റെ മുഖമായിരുന്നു യെച്ചൂരി.

SCROLL FOR NEXT