NEWSROOM

മൃതദേഹം മെഡിക്കല്‍ പഠനത്തിനായി എയിംസിന്; ശനിയാഴ്ച എകെജി ഭവനില്‍ പൊതുദര്‍ശനം

കേന്ദ്ര കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം സെപ്റ്റംബര്‍ 14 ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.

എകെജി ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുനല്‍കും. എകെജി ഭവനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെയാണ് പൊതുദര്‍ശനം. ഉച്ചയ്ക്കു ശേഷം എയിംസിലേക്ക് കൊണ്ടുപോകും. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം ഗവേഷണത്തിനായി എയിംസിന് നൽകുന്നത്. 

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി. പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കള്‍ ഓഫീസിലെത്തിയിട്ടുണ്ട്.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി എയിംസില്‍ ചികിത്സയിലായിരുന്നു സീതാറാം യെച്ചൂരി. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.


2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 1975 ലാണ് യെച്ചൂരി സിപിഎം അംഗമാകുന്നത്. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പ്രായം, 33. 1992ലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മിനെ നയിക്കുമ്പോള്‍, പാര്‍ലമെന്റില്‍ യെച്ചൂരി ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദമായി. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 2018ലെ ഹൈദരാബാദ്, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

SCROLL FOR NEXT