NEWSROOM

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർക്ക് മോചനം; ആറ് പേരടങ്ങുന്ന ആദ്യ സംഘം ജന്മനാട്ടിൽ തിരിച്ചെത്തി

ഇവരെക്കൂടാതെ മലയാളികൾ അടക്കം ശേഷിക്കുന്ന 62 ഇന്ത്യക്കാരുടെയും മോചനം ഉടൻ സാധ്യമാകുമെന്നാണ് ലഭ്യമാകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഒരുപറ്റം  ഇന്ത്യക്കാർക്ക് മോചനം. ആറ് പേരടങ്ങുന്ന ആദ്യ സംഘം ജന്മനാട്ടിൽ തിരിച്ചെത്തി. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരും ഒരു ഹരിയാന സ്വദേശിയും ഉൾപ്പെടുന്ന സംഘമാണ് മടങ്ങിയെത്തിയത്. മോസ്കോയിൽ നിന്നും ഇന്നലെ അർദ്ധ രാത്രിയോടെയാണ് ഇവർ യാത്ര പുറപ്പെട്ടത്. ഡൽഹിയിലാണ് വിമാനം ഇറങ്ങിയത്. ഇവരെക്കൂടാതെ മലയാളികൾ അടക്കമുള്ള 62 ഇന്ത്യക്കാരുടെയും മോചനം ഉടൻ സാധ്യമാകുമെന്നാണ് ലഭ്യമാകുന്ന വിവരം. റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന യുവാക്കൾ ഇന്ത്യയിലെത്തിയത് പഞ്ചാബിൽ നിന്നുള്ള എംപി വിക്രംജിത്ത് സാഹ്നിയാണ് സ്ഥിരീകരിച്ചത്.

അതേസമയം, റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന രണ്ട് മലയാളികളുടെ മോചനം വൈകുന്നു എന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. തൃശൂർ സ്വദേശികളായ ബിനിൽ ബാബു, ജെയ്ൻ കുര്യൻ എന്നിവരുടെ ബന്ധുക്കളാണ് വീണ്ടും പരാതിയുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇരുവരും ഇപ്പോഴും യുക്രെയ്നിലെ യുദ്ധമുഖത്താണെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി വേണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.


അപകടം നിറഞ്ഞ സ്ഥലത്താണ് നിലവിലുള്ളതെന്നും റഷ്യൻ പട്ടാളത്തിൽ നിന്നും വിടുതൽ ലഭിച്ചിട്ടില്ലെന്നും ജെയ്നും ബിനിലും ബന്ധുക്കളെ അറിയിച്ചു. കൂലിപ്പട്ടാളത്തിൽ ചേർന്ന മറ്റുള്ളവരെ നാട്ടിലേക്ക് അയക്കാൻ തീരുമാനം ആയിട്ടും തങ്ങൾക്ക് മറ്റ് അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മലയാളി യുവാക്കൾ പറഞ്ഞു.


റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടിരിക്കുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടികൾ ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും ആരംഭിച്ചത്. തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ എന്നിവരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.

SCROLL FOR NEXT