NEWSROOM

ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കും; ഗോവയിൽ ആറ് പേർ മരിച്ചു, 15 ലധികം പേർക്ക് പരിക്ക്

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി

Author : ന്യൂസ് ഡെസ്ക്

ഗോവയിലെ ഷിർഗവോണിൽ ലായ്‌രായ് ക്ഷേത്രത്തിലെ ഘോഷ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 ലധികം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റയിട്ടുണ്ട്.

പരിക്കേറ്റവരിൽ  നാലു പേരുടെ നില ഗുരുതരമെന്ന് എംഎൽഎ പ്രേമേന്ദ്ര ഷേട്ട് പറഞ്ഞു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി. പനാജിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലൈരായ് ദേവി ക്ഷേത്രത്തിൽ പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.


ഉത്സവത്തിനായി ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴികളിലൂടെ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോൾ തിക്കും തിരക്കും രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.



30 പേർക്ക് പരിക്കേറ്റതായും അതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നും, അതിൽ രണ്ട് പേരെ ബാംബോലിമിലെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞുവെന്ന് ഡെക്കാൻ ഹെറാൾഡിൻ്റെ റിപ്പോർട്ടിൽ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് അടിയന്തരവും സമഗ്രവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റാണെ പറഞ്ഞു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും സമഗ്ര പരിചരണം നൽകുന്നതിനായി വെന്റിലേറ്ററുകളുള്ള ഒരു പ്രത്യേക ഐസിയു സജ്ജീകരിച്ചിട്ടുണ്ടെന്നും റാണെ പറഞ്ഞു.

SCROLL FOR NEXT