ജ്യോതി മൽഹോത്ര 
NEWSROOM

പാകിസ്ഥാൻ ഏജൻസികൾക്കായി ചാരപ്രവർത്തനം; യൂട്യൂബർ ഉള്‍പ്പെടെ ആറ് പേർ അറസ്റ്റില്‍

'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര എന്ന യൂട്യൂബറാണ് ചാരപ്രവർത്തനത്തിന് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവൽ വ്ളോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 



'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര എന്ന യൂട്യൂബറാണ് ചാരപ്രവർത്തനത്തിന് അറസ്റ്റിലായത്. 2023ൽ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചതായാണ് അധികൃതർ പറയുന്നത്. കമ്മീഷൻ ഏജന്റുമാർ വഴിയാണ് ഇവർ പാക് വിസ നേടിയത്. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ഇവർ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായും അധികൃതർ പറയുന്നു.



2025 മെയ് 13ന് സർക്കാർ അസ്വീകാര്യനെന്ന് പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഡാനിഷ്. ഇയാൾ ജ്യോതിയെ ഒന്നിലധികം പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) പരിചയപ്പെടുത്തിയെന്നാണ് ആരോപണം. വാട്ട്‌സ്ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ള ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലർത്തിയതായാണ് ഇന്ത്യാ ടുഡേ റിപ്പോ‍ർട്ട് ചെയ്യുന്നത്. ഷാക്കിറിന്റെ നമ്പർ "ജാട്ട് രൺധാവ" എന്നാണ് ജ്യോതി മൊബൈലിൽ സേവ് ചെയ്തിരുന്നതെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെ പറ്റിയുള്ള വിവരം പാകിസ്ഥാന് കൈമാറിയെന്നും സമൂഹമാധ്യമങ്ങൾ വഴി പാകിസ്ഥാന്‍ അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിക്കാനും ജ്യോതി ശ്രമിച്ചുവെന്നുമാണ് അധികൃതർ ആരോപിക്കുന്നത്. ഒരു പാക് ഇന്റലിജൻസ് പ്രവർത്തകനുമായി ഇവർ അടുത്ത ബന്ധത്തിലേർപ്പെട്ടതായും അയാളോടൊപ്പം ഇന്തോനേഷ്യയിലേക്കും ബാലിയിലേക്കും യാത്രകൾ‍ നടത്തിയതായുമാണ് അന്വേഷകർ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജ്യോതി രേഖാമൂലം കുറ്റസമ്മതം നടത്തിയതായാണ് ഇന്ത്യാ ടുഡേ റിപ്പോ‍ർട്ട്.

ജ്യോതിയെ കൂടാതെ പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള 32 വയസുകാരിയായ ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27 ന്, വിസയ്ക്ക് അപേക്ഷിക്കാൻ ഗുസാല ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസ് സന്ദർശിച്ചിരുന്നു. ഇങ്ങനെയാണ് ഇവരും ഡാനിഷുമായി പരിചയത്തിലാകുന്നതെന്നും ഇയാളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും പണം കൈമാറ്റം നടത്തിയിരുന്നതായുമാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

മലേർകോട്‌ലയിൽ നിന്നുള്ള യമീൻ മുഹമ്മദ്, ഹരിയാനയിലെ കൈത്തലിൽ നിന്നുള്ള ദേവീന്ദർ സിംഗ് ധില്ലൺ, നൂഹിൽ നിന്നുള്ള അർമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

SCROLL FOR NEXT