സുപ്രീം കോടതിയിൽ 6 മുതിർന്ന അഭിഭാഷകരെ അഡീഷണൽ സോളിസിറ്റർമാരായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. 5 സോളിസിറ്റർമാരാണ് ഇതിനുമുമ്പ് ഉണ്ടായിരുന്നത്. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമനം ക്യാബിനറ്റിന്റെ നിയമസമിതി അംഗീകരിച്ചതായി പബ്ലിക് ഗ്രീവിയൻസ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കി.
അതിനിടയിൽ വിരമിച്ച സുപ്രിംകോടതി ജസ്റ്റിസുമാരടക്കം 30 ഓളം ന്യായാധിപൻമാരെ പങ്കെടുപ്പിച്ച് വിശ്വഹിന്ദു പരിഷത്തിൻ്റെ നിർണായക യോഗം നടന്നു. ഗ്യാൻവാപി, മഥുര അടക്കമുള്ള പള്ളി- ക്ഷേത്ര തർക്കങ്ങൾ, വഖഫ് ഭേദഗതി ബിൽ, മതപരിവർത്തനം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ട. യോഗത്തിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അടക്കമുള്ളവർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
ന്യായാധിപൻമാരും വിശ്വഹിന്ദു പരിഷത്തും തമ്മിൽ സ്വതന്ത്ര ആശയവിനിമയം നടത്താനായാണ് യോഗം വിളിച്ചതെന്നാണ് വിശ്വഹിന്ദു പരിഷത്തിൻ്റെ വിശദീകരണം. എന്നാൽ രാജ്യത്തെ പള്ളി-ക്ഷേത്ര തർക്കങ്ങളിൽ സംഘപരിവാർ നിലപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചർച്ച നടന്നത് എന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മുതിർന്ന ജസ്റ്റിസുമാരടക്കം 30 ന്യായാധിപൻമാർ യോഗത്തിനെത്തി. പ്രത്യയശാസ്ത്ര തർക്കങ്ങൾ കോടതികളിൽ നിലനിൽക്കുന്നതിനാൽ ഇനി സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനം യോഗം ചർച്ച ചെയ്തുവെന്നാണ് ലഭ്യമാകന്ന വിവരം.
ഹിന്ദുക്കളെ ബാധിക്കുന്നതായി വിഎച്ച്പി കരുതുന്ന നിയമങ്ങൾ, പഴയ ക്ഷേത്രങ്ങൾ പലതും മസ്ജിദുകളായി മാറ്റിയെന്ന വിഎച്ച്പി ആരോപണങ്ങളിൽ എടുക്കേണ്ട നിയമപരമായ നിലപാട്, മതപരിവർത്തനം, ഗോവധം, വഖഫ് ഭേദഗതി ബിൽ എന്നിവയാണ് ചർച്ച ചെയ്തത്. ഇക്കാര്യം വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ സ്ഥിരീകരിച്ചു. ജുഡീഷ്യൽ പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നതായി കേന്ദ്രസഹമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. ഇതാദ്യമായാണ് വിഎച്ച്പി ന്യായാധിപരെ സംഘടിപ്പിച്ച ഇത്തരമൊരു യോഗം വിളിക്കുന്നത്. ഇത്തരം നീക്കം തുടരാനാണ് വിഎച്ച്പിയുടെ തീരുമാനം. അലോക് കുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ തുടങ്ങിയ മുതിർന്ന വിഎച്ച്പി നേതാക്കളും മുൻ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിൻ്റെ ഫോട്ടോകൾ കേന്ദ്രമന്ത്രി തന്നെയാണ് പുറത്തുവിട്ടത്.