NEWSROOM

ഈജിപ്തിൽ വിനോദ സഞ്ചാരികളുമായി പോയ അന്തർവാഹിനി മുങ്ങി; 6 മരണം, 9 പേർക്ക് പരിക്ക്

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 45 റഷ്യൻ വിനോദസഞ്ചാരികളാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ഈജിപ്തിലെ ഹുർഗഡയിൽ ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. സിന്ദ്ബാദ് എന്ന പേരിലുള്ള അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. 45ഓളം യാത്രക്കാരായിരുന്നു അന്തർവാഹിനിയിലുണ്ടായിരുന്നത്. ഇതിൽ 29 പേരെ രക്ഷപ്പെടുത്തിയതായി സേന അറിയിച്ചു.


ഈജിപ്തിലെ പവിഴപ്പുറ്റുകളെക്കുറിച്ചും മത്സ്യങ്ങളെ കുറിച്ചും പര്യവേക്ഷണം ചെയ്യാനായി യാത്ര പുറപ്പെട്ട സംഘമാണ് അപടകത്തിൽപ്പെട്ടത്. അന്തർവാഹിനിയിലുള്ള യാത്രക്കാരെല്ലാം റഷ്യൻ പൗരൻമാരാണ്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 45 റഷ്യൻ വിനോദസഞ്ചാരികൾ അന്തർവാഹിനിയിലുണ്ടായിരുന്നെന്ന് റഷ്യൻ എംബസി ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

വിനോദസഞ്ചാരികൾക്ക് ഏകദേശം 25 മീറ്റർ കടലിനടിയിലേക്ക് പോകാനും, പവിഴപ്പുറ്റുകളെക്കുറിച്ചും സമുദ്രജീവികളെക്കുറിച്ചു പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്ന അന്തർവാഹിനിയാണ് സിന്ദ്ബാദ്. അന്തർവാഹിനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള 14 ഒറിജിനൽ വിനോദ അന്തർവാഹിനികളിൽ ഒന്നാണ് ഈ കപ്പൽ. ഫിൻലാൻഡിൽ രൂപകൽപ്പന ചെയ്ത സിന്ദ്ബാദിന് 44 യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള ശേഷിയുണ്ട്.




SCROLL FOR NEXT