NEWSROOM

വേമ്പനാട്ട് കായലിൽ ഏഴ് കിലോമീറ്റർ നീന്തി റെക്കോർഡിട്ട് ആറ് വയസുകാരി

കോട്ടയം മാതിരപ്പള്ളി സ്വദേശി ആദ്യ ഡി. നായരാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്

Author : ന്യൂസ് ഡെസ്ക്

വേമ്പനാട്ട് കായലിൽ ഏഴ് കിലോമീറ്റർ നീന്തി റെക്കോർഡിട്ട് ആറ് വയസുകാരി. കോട്ടയം മാതിരപ്പള്ളി സ്വദേശി ആദ്യ ഡി. നായരാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്. 3 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് ആദ്യ എന്ന കൊച്ചുമിടുക്കി ഏഴു കിലോമീറ്റർ നീന്തിയത്.

കോതമംഗലം കറുകടം സെന്റ് മേരീസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദ്യ. ഈ ആറു വയസുകാരി വേമ്പനാട്ട് കായലിൽ ഏഴു കിലോമീറ്ററോളം ദൂരം നീന്തിയത് വെറും 3 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ്. വടക്കുംകര അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ദൂരമാണ് ആദ്യ നീന്തിയത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിലും ഈ പ്രകടനം ഇടം നേടി.

മകളുടെ നേട്ടത്തിൽ അച്ഛൻ ദിപുവും അമ്മ അഞ്ജനയും സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ നീന്തൽ കോച്ചായ ബിജു തങ്കപ്പനാണ് ആദ്യക്ക് പരിശീലനം നൽകിയത്. പൗരാവലിയുടെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തിൽ കൊച്ചുമിടുക്കിക്ക് അനുമോദനവും നൽകി.

SCROLL FOR NEXT