NEWSROOM

ഒരു കിലോ തക്കാളിക്ക് 180 ഡോളർ മുതൽ, ഒരു കിലോ പഞ്ചസാര 60 ഡോളർ വരെ; വിലക്കയറ്റത്തിൽ വലഞ്ഞ് ഗാസയിലെ ജനങ്ങൾ

ഇസ്രയേലിൻ്റെ തുടർച്ചയായ ആക്രമണം മൂലം സമ്പദ്‌വ്യവസ്ഥ തകർന്നതിനാൽ ഇവരിൽ ഭൂരിഭാഗം പേരുടേയും ജോലി നഷ്ടപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധസന്നാഹങ്ങളിൽ വലയുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കി ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഒരു കിലോ തക്കാളിക്ക് 180 ഡോളർ മുതൽ, ഒരു കിലോ പഞ്ചസാര 60 ഡോളർ വരെയാണ് വില.  ഗാസയിലെ മിക്ക ആളുകൾക്കും അവശ്യ സാധനങ്ങൾ വാങ്ങാനുള്ള ശേഷിയില്ല. ഇവരിൽ ഭൂരിഭാഗം പേരും ഭക്ഷണത്തിനായി ചാരിറ്റി അടുക്കളകളെയും ക്യാഷ് കൂപ്പണുകൾക്കുമുള്ള സഹായ വിതരണങ്ങളെ ആശ്രയിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇസ്രയേലിൻ്റെ തുടർച്ചയായ ആക്രമണം മൂലം സമ്പദ്‌വ്യവസ്ഥ തകർന്നതിനാൽ ഇവരിൽ ഭൂരിഭാഗം പേരുടേയും ജോലി നഷ്ടപ്പെട്ടു. പണവും സമ്പാദ്യവുമില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ഗാസയിലെ ജനങ്ങൾ. പലരും കടുത്ത പട്ടിണിയിലാണെന്ന് തന്നെ റിപ്പോർട്ടുകൾ ഉണ്ട്.  ആക്രമണങ്ങളും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകളും കാരണം ഭക്ഷണ വിതരണ കേന്ദ്രങ്ങളും ബേക്കറികളും അടച്ചുപൂട്ടിയിരുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ പിന്തുണയുള്ള വടക്കൻ ഗാസയിലെ ഒരേയൊരു ബേക്കറി ഇസ്രയേൽ അഗ്നിക്കിരയായിരയാക്കിയിരുന്നു.

ഗാസയിൽ ഉടനീളം, കുറഞ്ഞത് 2.15 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ ജനസംഖ്യയുടെ 96 ശതമാനം ആളുകളും, ഉയർന്ന അളവിലുള്ള ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നും അതിൽ അഞ്ചിൽ ഒരാൾ പട്ടിണി നേരിടുന്നുവെന്നും റിപ്പോർട്ടുണ്ട്. ഒക്ടോബർ ഒന്നിനു ശേഷം ഉത്തര ഗാസയില്‍ ഭക്ഷണം എത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജന്‍സി അറിയിച്ചിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഉത്തര ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ (ഡബ്ല്യുഎഫ്‌പി) ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് റിപ്പോർട്ട് ചെയ്തത്.


യുദ്ധത്തിൽ തകർന്ന വടക്കന്‍ പ്രദേശത്തേക്കുള്ള പ്രധാന അതിർത്തി രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണെന്ന് ഡബ്ല്യുഎഫ്‌പി അറിയിച്ചു. നിലവില്‍‌ ഇസ്രയേല്‍ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷനുകള്‍, പ്രദേശത്തെ ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷയെ വിനാശകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പും നല്‍കി.

'വടക്കൻ ഗാസയിൽ വർധിച്ചുവരുന്ന ആക്രമണങ്ങള്‍ അവിടുത്തെ ഭക്ഷ്യസുരക്ഷയെ വിനാശകരമായി ബാധിക്കുന്നു. ഒക്‌ടോബർ ഒന്നിന് ശേഷം ഉത്തര മേഖലയില്‍ ഭക്ഷ്യസഹായം എത്തിയിട്ടില്ല. വടക്കന്‍ ഗാസയിലെ ഷെൽട്ടറുകളിലേക്കും ആശുപത്രികളിലേക്കും ഇതിനകം വിതരണം ചെയ്‌ത ഡബ്ല്യുഎഫ്‌പിയുടെ ഭക്ഷ്യ സാധനങ്ങൾ എത്രകാലം ഉപയോഗിക്കാനാകുമെന്ന് വ്യക്തമല്ല', ഡബ്ല്യുഎഫ്‌പി എക്സില്‍ കുറിച്ചു.

SCROLL FOR NEXT